സ്വന്തം ലേഖകൻ
തൃശൂർ: ആനപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുകൾ വീണ്ടും വിലക്കിക്കൊണ്ടുള്ള ഉത്തരവിന് കാരണം തൃശൂരിൽ നിന്നുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ഗുരുതര പിഴവ്.
വെളുക്കാൻ തേച്ചത് വിലക്കായി മാറിയ അവസ്ഥയാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ തുടർന്നുണ്ടായത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കണ്ണിനുള്ള പ്രശ്നങ്ങളെ കുറിച്ച് യാതൊന്നും പരാമർശിക്കാതെ നൽകിയ റിപ്പോർട്ടാണ് രാമന്റെ തിരിച്ചുവരവിന് പാരയായി മാറിയത്.
ഒരു കണ്ണിന് പൂർണമായും മറ്റൊരു കണ്ണിന് ഭാഗികമായും കാഴ്ചശക്തിയില്ലെന്ന കാര്യം റിപ്പോർട്ടിലെവിടേയും പരാമർശിക്കാതെ ആനയെ എഴുന്നള്ളിപ്പിന് അനുമതി നൽകാമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് തൃശൂരിൽ ആനയെ പരിശോധിച്ച വിദഗ്ധസമിതി നൽകിയത്.
വനംവകുപ്പ് ഇത്രകാലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കാൻ പ്രയോഗിച്ചിരുന്ന പ്രധാന പരാതി ആനയുടെ കാഴ്ചശക്തിയാണ്.
എന്നാൽ ആ പോരായ്മയെ തൃശൂരിൽ നിന്നുള്ള വിദഗ്ധസംഘം തമസ്കരിച്ചതാണ് പ്രിൻസിപ്പൽ ഫോറസ്റ്റ് കണ്‍സർവേറ്ററും (വൈൽഡ് ലൈഫ്) ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ സുരേന്ദ്രകുമാർ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
ശക്തമായ ഭാഷയിലാണ് അദ്ദേഹം തൃശൂരിലെ വിദഗ്ധ സമിതിയുടെ ക്ലീൻ സർട്ടിഫിക്കറ്റ് റിപ്പോർട്ടിനെ വിമർശിച്ചിരിക്കുന്നത്.
ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ലാത്ത ഒരു കണ്ണിന് ഭാഗികമായും മാത്രം കാഴ്ചശക്തിയുള്ള ആനയ്ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചോദിച്ചിരിക്കുന്നത്.
തൃശൂരിൽ ആവശ്യത്തിന് വെറ്ററിനറി ഡോക്ടർമാരുള്ളപ്പോൾ എന്തിനാണ് പാലക്കാടു നിന്നും വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് ഫിറ്റ്നസ് പരിശോധന നടത്തിയെന്നും പ്രിൻസിപ്പൽ ഫോറസ്റ്റ് കണ്‍സർവേറ്റർ ചോദിച്ചിട്ടുണ്ട്.
ഇതെല്ലാം സംശയാസ്പദമാണെന്നും സുരേന്ദ്രകുമാർ തന്റെ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.
പത്തിലേറെ പേരെ കൊലപ്പെടുത്തുകയും കാഴ്ചശക്തിയില്ലാത്ത വൈകല്യമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് മറ്റൊരു ദുരന്തം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന നിഗമനവും സുരേന്ദ്രകുമാർ മുന്നോട്ടുവച്ചിട്ടുണ്ട്.
ജില്ല മോണിറ്ററിംഗ് കമ്മിറ്റി ഇക്കാര്യമെല്ലാം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്.
പ്രിൻസിപ്പൽ ഫോറസ്റ്റ് കണ്‍സർവേറ്റർ ഉന്നയിച്ച ഇക്കാര്യങ്ങൾ നിരാകരിക്കാൻ ജില്ല മോണിറ്ററിംഗ് കമ്മിറ്റിക്ക് സാധിക്കുമായിരുന്നില്ല. രാമന് വിലക്കേർപ്പെടുത്താൻ കമ്മിറ്റി നിർബന്ധിതരാവുകയായിരുന്നു.
യാഥാർഥ്യങ്ങൾ മറച്ചുവെച്ച് വിദഗ്ധസമിതി എന്തിന് ഇത്തരമൊരു റിപ്പോർട്ട് നൽകി എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
കൃത്യമായ റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ വിലക്ക് നീങ്ങിക്കിട്ടിയേനെ എന്ന് കരുതുന്നവരുമുണ്ട്.
ജില്ല ഭരണകൂടത്തെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ച് പ്രിൻസിപ്പൽ ഫോറസ്റ്റ് കണ്‍സർവേറ്റർ അതിൻമേൽ വിയോജിപ്പ് വ്യക്തമാക്കിയതോടെ വിദഗ്ധസമിതിക്ക് തങ്ങളുടെ റിപ്പോർട്ട് സംബന്ധിച്ച് വിശദീകരണം നൽകേണ്ട സ്ഥിതി വന്നിരിക്കുകയാണ്.
തൃശൂർ, പാലക്കാട് ജില്ലകളിൽ രാമനെ എഴുന്നള്ളിക്കാൻ നൽകിയ അനുമതിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
ഇനി വിലക്ക് നീങ്ങിക്കിട്ടാൻ തുടർനടപടികൾ ആവശ്യമായിരിക്കുകയാണ്.
രാമനെ എഴുന്നള്ളിക്കുന്നത് ദുരന്തം ക്ഷണിച്ചുവരുത്തലായിരിക്കുമെന്ന മുന്നറിയിപ്പോടെ റിപ്പോർട്ട് നൽകിയ സുരേന്ദ്രകുമാർ ഈ മാസം അവസാനം സർവീസിൽ നിന്ന് വിരമിക്കുകയാണ്.