സ്വന്തം ലേഖകന്‍
കോഴിക്കോട്: ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തില്‍ വേരുറപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തട്ടിപ്പ് സംഘത്തിന് വേരുകളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന ചില സ്ഥാപനങ്ങളുടെ മറവിലാണ് വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് പോലീസ് നല്കുന്ന വിവരം. ആഡംബര കാറുകള്‍ വില്‍പ്പനയ്ക്കായി വാങ്ങി അവ മറിച്ചു നല്കി തട്ടിപ്പു നടത്തുന്നതാണ് രീതി.
നല്ല രീതിയിൽ യൂസ്ഡ് കാർ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കുകൂടി തലവേദനയാകുന്നതാണ് ഇത്തരം സംഭവങ്ങൾ.
ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിച്ചിരുന്നില്ല.
അടുത്തിടെ വീണ്ടും വാടക കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതോടെയാണ് തട്ടിപ്പിന് പിന്നിലെ രഹസ്യങ്ങള്‍ പുറത്തായത്. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനായിരുന്നു കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ ടി. ശ്രീനാഥ് തട്ടിപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍കോളജ് പോലീസില്‍ പരാതി നല്‍കിയത്.
പന്തീരാങ്കാവില്‍ ഓട്ടോ കണ്‍സള്‍ട്ടന്റ് സ്ഥാപനം നടത്തുന്ന ഒളവണ്ണ സ്വദേശി പി.ദിനീഷിന് എതിരേയായിരുന്നു പരാതി.
തട്ടിപ്പ് രീതി ഇങ്ങനെ…
ശ്രീനാഥിന്റെ ഹുണ്ടായ് ക്രെറ്റ കാര്‍ ഉയര്‍ന്ന വിലയില്‍ വിറ്റു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സാമ്പത്തിക പ്രതിസന്ധിയുള്ളവരെയാണ് തട്ടിപ്പ് സംഘം വലിയ വില നല്‍കാമെന്ന പേരില്‍ സ്വാധീനിക്കുന്നത്.
കാര്‍ വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ശ്രീനാഥിന് സംശയമായി. ദിനീഷിനെ ബന്ധപ്പെട്ടപ്പോള്‍ കാര്‍ കസ്റ്റമര്‍ ട്രയലിനു കൊണ്ടുപോയതാണെന്നും ഉടനെ തന്നെ കച്ചവടം നടത്തിത്തരാമെന്നും പറഞ്ഞു.
വിശ്വസ്തതയ്ക്കായി 12 ലക്ഷം രൂപയുടെ ചെക്കും നല്കി. പിന്നീടുള്ള അന്വേഷണത്തിലാണ് ഇവർ വാഹനത്തട്ടിപ്പ് സംഘത്തിലെ കണ്ണിയാണെന്നു മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഉന്നതബന്ധവും
രാഷ്ട്രീയ സ്വാധീനവും
വാഹനത്തിന്റെ ഉടമസ്ഥര്‍ പരാതി നല്കിയാല് അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും തട്ടിപ്പ് സംഘം ഒരുക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനവും ഉന്നതരുമായുള്ള ബന്ധവും പ്രതികളിലേക്കുള്ള അന്വേഷണത്തിന് പലപ്പോഴും തടസം സൃഷ്ടിച്ചു.
പരാതിക്കാര്‍ കേസുമായി മുന്നോട്ടുപോയാലും ഏജന്റുമാരായവരെ പ്രതിയാക്കി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്. കോഴിക്കോട് മാറാട് സ്റ്റേഷന് പരിധിയിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറായിരുന്നില്ല.
സമാനമായ പല സംഭവങ്ങളും കോഴിക്കോട് നഗരത്തില്‍ മാത്രം നടന്നിട്ടുണ്ട്. ഇതു കൂടാതെ മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇപ്പോഴും തുടരുന്നു.
കക്കോടി സ്വദേശി മിഥുന്, ഫ്രാന്‍സിസ് റോഡിലുള്ള ബൈജു, പന്തീരാങ്കാവിലുള്ള അജയ് എന്നിവര്‍ക്കും വാഹന തട്ടിപ്പുമായി ബന്ധമുണ്ടന്നു പരാതിക്കാരന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
കര്‍ണാടക പോലീസിന് 50,000 രൂപ കൈക്കൂലി …
വില്‍പ്പനയ്ക്കായി നല്കിയ കാര്‍ തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവിലുണ്ടെന്ന് ഉടമസ്ഥന് വ്യക്തമായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് പോലീസില്‍ പരാതി നല്കി. കാറില്‍ ഘടിപ്പിച്ച ജിപിഎസില്‍ നിന്ന് അവസാനമായി രേഖപ്പെടുത്തിയത് ബംഗളൂരുവിലെ കമ്മനഹള്ളിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.
ബംഗളൂരുവിലുള്ള മലയാളി വിദ്യാര്‍ഥികള്‍ വഴിയും മറ്റും കാറിന്റെ ഫോട്ടോസഹിതം അയച്ചു നല്കി വിവരങ്ങള്‍ ശേഖരിച്ചു. വാഹനമുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തു. മൂന്നു പോലീസുകാരും പരാതിക്കാരനും സുഹൃത്തും ഇവിടേക്ക് തിരിച്ചു. കാര്‍ കണ്ടെത്തിയ ശേഷം ബനസ്വാടി പോലീസിനെ അറിയിച്ചു. അവര്‍ കാര്‍ സ്റ്റേഷനിലേക്ക് മാറ്റി.
എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ വാടകയ്ക്കു നല്കിയ കര്‍ണാടക സ്വദേശിയായ ഷിനു എന്ന ഏജന്റ് എത്തി. ഷിനുവിനൊപ്പം സഹായികളുമുണ്ടായിരുന്നു. വാഹനത്തിന്റെ യഥാര്‍ഥ ഉടമകളെ ഷിനുവും സംഘവും പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് വരെ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്.
അടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പിടിച്ചെടുത്ത കാറിന്റെ താക്കോല്‍ പോലും സ്റ്റേഷനിലുണ്ടായിരുന്നില്ല.സുഹൃത്തായ പോലീസുകാരന് ഈ താക്കോല്‍ ഷിനുവിന് കൈമാറിയെന്ന വിവരമാണ് ലഭിച്ചത്. ഒടുവില്‍ പിടികൂടിയ കാര്‍ തിരിച്ചുകൊണ്ടുവരാന്‍ പോലുമാവാതെ പോലീസും പരാതിക്കാരും അവിടെ നിന്ന് തിരിക്കുകയായിരുന്നു.
വീണ്ടും അവിടെയെത്തി നോക്കിയെങ്കിലും വാഹനം ഷിനുവിന് വിട്ടു നല്‍കിയെന്ന വിവരമാണ് ലഭിച്ചത്. ഒടുവില്‍ 50,000 രൂപ കൈക്കൂലി നല്‍കിയതിന് ശേഷമാണ് വാഹനം ഉടമസ്ഥന് വിട്ടു നല്‍കിയത്.
കൂടുതല്‍ പേരിലേക്ക് അന്വേഷണം
മെഡിക്കല്‍ കോളജ് പോലീസ് അന്വേഷിച്ച കേസില്‍ ദിനീഷിനെ മാത്രമായിരുന്നു പ്രതിചേര്‍ത്തത്. എന്നാല്‍ ടൗണ്‍ പോലീസില്‍ വാഹനതട്ടിപ്പുമായി ബന്ധപ്പെട്ട് മാത്തോട്ടം സ്വദേശി അബ്ദുള്‍ നസീര്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കക്കോടി സ്വദേശി മിഥുന്, ഫ്രാന്‍സിസ് റോഡ്സ്വദേശിബൈജു, അരക്കിണര്‍ മാത്തോട്ടം സ്വദേശി സഹീര്‍ അഹമ്മദ് എന്നിവരുള്‍പ്പെടെ പ്രതികളാണ്.
ഇതില്‍ സഹീര്‍ അഹമ്മദി (42) നെ മാത്രമാണ് പിടികൂടിയത്. അബ്ദുള്‍ നസീറിന്റെ ഔഡി കാര്‍ രണ്ടുമാസത്തെ വാടക അഡ്വാന്‍സായി നല്കിയ ശേഷം ബംഗളൂരുവിലേക്ക് കടത്തുകയായിരുന്നു. ചേവായൂര്‍, കൊടുവള്ളി, താമരശേരി, പന്തീരാങ്കാവ്, ബേപ്പൂര്‍ എന്നീ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പല സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
മിഥുനിനെ കൂടാതെ കൂടുതല്‍ പേര് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ ബംഗളൂരു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഉൗര്‍ജിതമാക്കിയിട്ടുണ്ട്.
15 ലേറെ ആഡംബര കാറുകള്‍ ബംഗളൂരുവില്‍
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തട്ടിപ്പ് നടത്തിയ 15ലേറെ ആഡംബര കാറുകള്‍ ബംഗളൂരുവിലുണ്ടെന്നു പോലീസ്. വാടകകയ്ക്കു കാറെടുത്തു നല്കുന്ന ഏജന്റുകളുടെ കൈവശമാണിതുള്ളത്. നമ്പര്‍ പോലും മാറ്റാതെ ബംഗളൂരു നഗരപരിധിയിലും മറ്റും കാറുകള്‍ ഓടുന്നുണ്ടെന്നും പോലീസിന് വ്യക്തമായി.
കാറുകള്‍ വന്‍ തുകയ്ക്കാണ് ഇവിടെ വാടകയ്ക്കായി നല്‍കുന്നത്. കേരളത്തില്‍ നിന്ന് കാറുകള്‍ എത്തിച്ചു നല്‍കുന്നവര്‍ക്ക് നിശ്ചിത തുക നല്കിയാല് പിന്നീട് യാതൊരു ബന്ധവും ഇവരുമായില്ല. കേസ് നല്കിയാല് തന്നെ ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ കാറിന്റെ ഉടമകള്‍ക്ക് നല്കാനുണ്ടാവാറില്ല. ഇത് മുതലെടുത്തുകൊണ്ടാണ് ഇപ്പോഴും തട്ടിപ്പ് തുടരുന്നത്.