തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരേ വിമർശനവുമായി സിപിഎം. രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്മെന്റ് ഏജന്റിനെപ്പോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിക്കുന്നതിൽ രാഹുൽ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഎം പരിഹസിച്ചു.
രാഹുൽ ബിജെപിയെ വിമർശിക്കാത്തത് കേന്ദ്ര നിർദേശപ്രകാരമാണ്. ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ബിജെപിയിലേക്ക് പോകാൻ ഉത്തേജനം നൽകുന്നത്. സർക്കാരിനെതിരേ രാഹുൽ നടത്തിയത് തരംതാണ ആക്ഷേപമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.