കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. പ്രതിയെ കൊച്ചിയിലെത്തിക്കാനുള്ള പ്രൊഡക്ഷന്‍ വാറണ്ട് ലഭിച്ചതിനെത്തുടര്‍ന്നു തുടര്‍നടപടികളും വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍. മാര്‍ച്ച് എട്ടിനു കൊച്ചിയിലെത്തിക്കാനാണു എറണാകുളം എസിജെഎം കോടതി അനുമതി നല്‍കിയിട്ടുള്ളത്.
പ്രോഡക്ഷന്‍ വാറണ്ട് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും അയച്ചതായും അധികൃതര്‍ വ്യക്തമാക്കി. മൂന്നു കേസുകളാണ് രവി പൂജാരിക്കെതിരേ കേരളത്തിലുള്ളത്.കൊച്ചിയിലെ വെടിവയ്പ്പു കേസിനു പുറമേ കാസര്‍ഗോഡ് ജില്ലയിലാണു മറ്റു രണ്ടു കേസുകളുള്ളത്.
ഇവയും വെടിവയ്പ്പുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടാണു കസ്റ്റഡിയില്‍ വിട്ടുലഭിക്കുകയെങ്കിലും മറ്റു കേസുകളിലും ഇയാളെ ചോദ്യം ചെയ്യും. ഇതിനായി ചോദ്യാവലി തയാറാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. നൂറിലധികം ചോദ്യങ്ങളാണു തയാറാക്കിയിട്ടുള്ളത്.
ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ പ്രതിക്കറിയാമെന്നാണു അധികൃതര്‍ പറയുന്നത്. ഇംഗ്ലീഷിലാകും പ്രതിയെ ചോദ്യം ചെയ്യുക. പ്രോഡക്ഷന്‍ വാറണ്ടിനെത്തുടര്ന്നു പരപ്പന അഗ്രഹാര സൂപ്രണ്ട് ബംഗളൂരു പോലീസിന്റെ സഹായത്തോടെയാകും പൂജാരിയെ ക്രൈംബ്രാഞ്ചിനു കൈമാറുക.
ബംഗളൂരു പോലീസിനു അസൗകര്യമുണ്ടായാല്‍ പ്രത്യേക സംഘം ബംഗളൂരുവിലെത്തി പ്രതിയെ ഏറ്റുവാങ്ങും. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണു അന്വേഷണസംഘത്തിന്റെ നീക്കം.കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്കു രവി പൂജാരിയുടെ ശബ്ദസാമ്പിളായിരിക്കും ആദ്യം രേഖപ്പെടുത്തുക.
പരാതിക്കാരിയെ ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. വെടിയുതിര്‍ക്കാന്‍ കൈമാറിയ തോക്ക് സംബന്ധിച്ചും വിദേശത്തേയ്ക്കു കടന്ന പ്രതികളുമായുള്ള ബന്ധവുമടക്കം കേസിലെ കൂടുതല്‍ വിവരങ്ങളും ചോദ്യം ചെയ്യലിലൂടെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണു ക്രൈം ബ്രാഞ്ച് കണക്കുകൂട്ടല്‍. കൂടാതെ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. കേസിലെ മൂന്നാം പ്രതിയാണു രവി പൂജാരി.
ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് സംഘം ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണു അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ അനുകൂല ഉത്തരവുണ്ടായതോടെയാണു നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന “നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലേക്കു വെടിവച്ചത്.
വെടിവയ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുന്‍പ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. വെടിവയ്പ്പുണ്ടായതിനുപിന്നാലെ സ്വകാര്യ ചാനലില്വിളിച്ച് താനാണ് ഇതിനുപിന്നിലെന്നു വെളിപ്പെടുത്തിയിരുന്നു. 2019 ജനുവരി അഞ്ചിനാണു സെനഗലില്വച്ച് ഇയാള്‍ പിടിയിലാകുന്നത്.
പിന്നീട് ഇന്ത്യയില്‍ എത്തിച്ച പ്രതിയെ ബംഗളൂരു പോലീസിനു കൈമാറുകയായിരുന്നു. നിലവില്‍ മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണു പ്രതിയുള്ളത്.