നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം എസ്.എ.ടി യിലേയ്ക്ക് റഫര്‍ ചെയ്യപ്പെട്ട നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് വെണ്‍പകല്‍ സ്വദേശിനി ഹരിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനായിരുന്നു. പ്രസവശേഷം കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി യിലേയ്ക്ക് ജനറല്‍ ആശുപത്രി അധികൃതര്‍ റഫര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
കുഞ്ഞിനെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി സി.ഐ അറിയിച്ചു.
ചികിത്സാപ്പിഴവോ അനാസ്ഥയോ സംഭവിച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിലേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.