കൊൽക്കത്ത: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗാളിൽ ഒരു ബിജെപി നേതാവ് കൂടി പിടിയില്‍. രാകേഷ് സിംഗ് ആണ് അറസ്റ്റിലായത്. ബിജെപി യുവജന സംഘടന നേതാവ് പമീല ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെയാണ് അടുത്ത നേതാവും പോലീസിന്റെ വലയില്‍പ്പെട്ടത്.
രാകേഷ് സിംഗിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പോലീസിനെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന ഇദ്ദേഹത്തിന്റെ രണ്ട് ആണ്മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.100 ഗ്രാം കൊക്കൈയ്നുമായാണ് പമീല ഗോസ്വാമിയെ കഴിഞ്ഞയാഴ്ച കോല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ രാകേഷ് സിംഗിന് ബന്ധമുണ്ടെന്ന് പമീല വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത അനുയായിയാണ് രാകേഷ് സിംഗ്.
കേസില്‍ രാകേഷ് സിംഗ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇയാള്‍ക്കെതിരേ തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നും പമീല പറഞ്ഞിരുന്നു. ഇവരുടെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യം ചെയ്യലിനായി കോല്‍ക്കത്ത പോലീസ് ഹെഡ് ക്വാട്ടേഴ്സില്‍ ഹാജരാകാന്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇയാള്‍ അതിന് തയാറായില്ല.താന്‍ ഡല്‍ഹിക്ക് പോകുകയാണെന്നും ഇവിടെ നിന്നു തിരികയെത്തി ഫെബ്രുവരി 26ന് മുന്‍പായി പോലീസിന് മുന്‍പാകെ ഹാജരാകാമെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്.
ഇതേത്തുടര്‍ന്ന് ഇന്ന് അതിരാവിലെ വലിയ പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തി. എന്നാല്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇയാളുടെ മക്കള്‍ പോലിസിനെ തടഞ്ഞു. തുടര്‍ന്നാണ് രാകേഷ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവന് അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ സിബിഐ സംഘം ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണിതെന്നായിരുന്നു രാകേഷ് സിംഗിന്റെ മകൻ ആരോപിക്കുന്നത്.