മരട്: ബൈക്കിലെത്തി യാത്രക്കാരുടെ പേഴ്സും ബാഗും മൊബൈലുകളും തട്ടിപ്പറിക്കുന്ന മൂന്നംഗ സംഘത്തെ മരട് പോലീസ് പിടികൂടിയ സംഭവത്തിൽ പ്രതികൾ ഇരകളാക്കിയിരുന്നത് ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ. ബൈക്ക് റേസിൽ വിദഗ്ദ്ധരായ സംഘം നഗരത്തിൽ കറങ്ങി നടന്നാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടു വച്ച് പിടിച്ചുപറി നടത്തിയിരുന്നത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തോപ്പുംപടി സ്വദേശി മൻസൂർ, ആലപ്പുഴ തിരുവാന്പാടി സ്വദേശി ഷുഹൈബ്, മരട് സ്വദേശി ആദർശ് എന്നിവരാണ് പിടിയിലായത്.പാലാരിവട്ടം, എളമക്കര, ഇൻഫോപാർക്ക്, ഹിൽപാലസ് എന്നീ സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സമാന രീതിയിലുള്ള മോഷണവും പിടിച്ചുപറിയും നടത്തിയത് ഇവരാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഒന്നാം പ്രതി മൻസൂറിന് ആലപ്പുഴ പുന്നപ്ര സ്റ്റേഷനുകളിലും രണ്ടാം പ്രതി ഷുഹൈബിന് പുതുക്കാട് യൂബർ ടാക്സി ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചതിലും കേസുണ്ട്.ഡിസിപി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മേൽനോട്ടത്തിൽ എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ഗാന്ധിസ്ക്വയറിന് കിഴക്കുവശം ഇരുന്പുപാലത്തിനടുത്ത് യാത്രക്കാരിയായ സ്ത്രീയുടെ പഴ്സും മൊബൈലുമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.
മരട് ഐഎസ്എച്ച്ഒ വിനോദ് ചന്ദ്രൻ, എസ്ഐമാരായ റനീഷ്, ജോഷി, ഹരികുമാർ, എഎസ്ഐമാരായ രാജീവൻ, അനിൽകുമാർ, സിപിഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.