മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻപോയ രാഹുൽ ഗാന്ധി കൂടെയുണ്ടായിരുന്ന ടി.എൻ. പ്രതാപൻ എം.പി കടലിലെ അനുഭവങ്ങൾ വിവരിച്ച് എഴുതിയ കുറിപ്പ്:
കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി എന്നൊരു പരിപാടി 2015ൽ ചാവക്കാട് നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം അനുഭവം നേരിട്ടറിയണമെന്നു രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്.
പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും നടന്നില്ല. പിന്നീട്, തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽ യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.
മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: “എനിക്കവരുടെ അധ്വാനം അടുത്തറിയണം.” പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി.
അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിനു വളരെ സൂക്ഷ്മമായി ഒരു പദ്ധതി തയാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്തു കൃത്യമായി സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചു.
അതീവ രഹസ്യമായി
ഇന്നലെ പുലർച്ചെ, രാഹുൽജിയും ഞാനും പ്രിയ കെ.സിയും സിആർപിഎഫുകാരുടെ വല്ലാത്ത നിർബന്ധത്തിനു വഴങ്ങി രണ്ടുപേർ അവരെയും കൂട്ടി ഞങ്ങൾ കടലിലേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞുവച്ച ബോട്ടുകാരോട് എന്റെ കൂടെ രാഹുൽജിയുണ്ടാകുമെന്നു വെളിപ്പെടുത്തിയിരുന്നില്ല.
രാഹുൽജിയെ കണ്ടപാടെ അവരുടെ കണ്ണുതള്ളി. ഇതു രാഹുൽജി തന്നെയാണോ എന്നു ശങ്കിച്ചു നില്പായിരുന്നു അവരുടേത്. കേരിയർ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്കു നീങ്ങിയത്. ഞങ്ങളുടെ കൂടെ രണ്ട് വ്ലോഗർമാരും ഉണ്ടായിരുന്നു. അവർക്കും രാഹുൽജിയുടെ സാനിധ്യം വല്ലാത്തൊരു അതിശയമായിരുന്നു.
വെള്ളത്തിലേക്ക്
ഉൾക്കടലിലേക്കുള്ള യാത്രക്കിടെ രാഹുൽജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം ചോദിച്ചറിഞ്ഞു. ചുറ്റിലും ഇരുൾ. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണ് ചിമ്മുന്നതു കാണാം.
ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി. വല കെട്ടാൻ വേണ്ടി തൊഴിലാളി സുഹൃത്തുക്കളിൽ ഒരാൾ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്നു രാഹുൽജി ചോദിച്ചു.
വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോടു ഞങ്ങൾ വിശദീകരിച്ചു. എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ ഞാനും ചാടുന്നു എന്നുപറഞ്ഞു രാഹുൽജി കടലിലേക്ക് ഊളിയിട്ടു ചാടി.
വരൂ കെസി
ഞാനും കെസിയും രാഹുൽജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്താളിച്ചു നിൽക്കെ, രാഹുൽഹി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. “നിങ്ങൾ പേടിക്കണ്ട, രാഹുൽജി സ്കൂബാ ഡൈവിംഗിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്”, രാഹുൽജിയുടെ പേഴ്സണൽ അസിസ്റ്റന്റ് അലങ്കാർ ആണത് പറഞ്ഞത്.
രാഹുൽജി ചാടിയതു കണ്ട് ഒന്നുരണ്ട് മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾ കൂടി കടലിലിറങ്ങി. കെസിയോടു ചാടാൻ പറഞ്ഞപ്പോൾ കെസി വിസമ്മതിച്ചു. രാഹുൽജി പിന്നെ നോക്കിയത് എന്നെ. ഞാൻ ഇല്ലെന്നു കൈകൂപ്പി. “അതെന്താ? ആൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവൊക്കെയായിട്ട്..?
” രാഹുൽജി വിടാൻ ഭാവമില്ല. “എന്റെ മക്കൾ നന്നേ ചെറുതാണ്. ഇത് ഉൾക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല.” ഇതുകേട്ട രാഹുൽജി ചിരിച്ചു.
സങ്കടം പങ്കിട്ട്
വലയടിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാവരുംകൂടി വല കയറ്റാൻ തുടങ്ങി. ഒരു കണവയും രണ്ട് മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങൾക്കു കിട്ടിയില്ല. രാഹുൽജിക്കും വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ടു നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓർത്താണ് രാഹുൽജിയുടെ വിഷമം.
അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലിൽ മൽസ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയിൽ പട്ടിണിയാണെന്നും അവർ അദ്ദേഹത്തോടു പരിഭവം പറഞ്ഞു.
ബോട്ടിലെ മീൻ കറി
തൊഴിലാളി സുഹൃത്തുക്കൾ കൈയിൽ കരുതിയിരുന്ന മീൻ എടുത്തു പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും. ഒരു മീൻ ഭക്ഷണത്തിനു പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്നു മനസിലായതായി അദ്ദേഹം അതിശയം കൊണ്ടു.
മടക്കയാത്രയിലും അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോടു കുശലം പറഞ്ഞിരിക്കുകയായിരുന്നു. പൂണ്ടിമാതാ ബോട്ടിൽനിന്നു കാരിയർ വള്ളത്തിലേക്കു ഞങ്ങൾ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽജി വള്ളത്തിൽനിന്നു ചാടിയിറങ്ങി.
കടലിനും കടലിന്റെ മക്കൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കൂടെയുണ്ടാകുമെന്ന ആർജവമാണ് രാഹുൽജി തങ്കശേരിയിലും തുടർന്ന് ആവർത്തിച്ചത്. നന്ദി, രാഹുൽജി നന്ദി.