കൊല്ലം: എല്ലാവരും നോക്കി നിൽക്കെ ഭയമേതുമില്ലാതെ അഴക്കടലിലേക്ക് ആ നീല ടീഷർട്ടുകാരൻ എടുത്തുചാടി.
വേറെയാരുമല്ല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ആ താരം.
കൊല്ലത്തുനിന്നും മത്സ്യബന്ധന തൊഴിലാളികളുമായുള്ള ബോട്ടുയാത്ര ആഴക്കടലിൽ എത്തിയപ്പോഴാണ് രാഹുൽ കടലിലേക്ക് എടുത്തു ചാടി സാഹസിക നീന്തൽ നടത്തിയത്.
മീനെടുക്കാനായി ഒരു തൊഴിലാളി വെള്ളത്തിൽ ചാടിയപ്പോൾ രാഹുലും ഒപ്പം ചാടുകയായിരുന്നു.
ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ്. മത്സ്യത്തൊഴിലാളികളുടെ യാതനകളും ബുദ്ധിമുട്ടുകളും നേരിട്ട് അറിയുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
ബോട്ടിൽ കയറിയ അദ്ദേഹം തൊഴിലാളികൾ ചെയ്യുന്ന എല്ലാ ജോലികളും അതുപോലെ ചെയ്തുനോക്കുകയും ചെയ്തു.
ബുധനാഴ്ച പുലർച്ചെ നാലോടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി രാഹുൽ വാടി കടപ്പുറത്ത് എത്തിയത്.
തുടർന്നായിരുന്നു മത്സ്യബന്ധന തൊഴിലാളികളുമായുള്ള ബോട്ടുയാത്ര. ബിജു ലോറൻസിന്റെ ഉടമസ്ഥതയിലുള്ള പൂണ്ടിമാതാ എന്ന ബോട്ടിലായിരുന്നു യാത്ര.
രാഹുലിന്റെ യാത്രയ്ക്കായി തയാറായി നിൽക്കാൻ ബിജു ലോറൻസിനും മറ്റ് തൊഴിലാളികൾക്കും നേരത്തേ തന്നെ നിർദേശം ലഭിച്ചിരുന്നു.
21 തൊഴിലാളികളും ഏതാനും കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ബോട്ടിൽ ഒപ്പമുണ്ടായിരുന്നു. രണ്ടര മണിക്കൂറായിരുന്നു യാത്ര.