പന്തളം: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്്ട്രീയ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു.
തെരഞ്ഞെടുപ്പു കാലത്ത് വിശ്വാസി സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമം ഇതിനു പിന്നിലുണ്ടാകാം.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ എന്നിവര്‍ ആവശ്യപ്പെട്ടു.
കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനവും അവ്യക്തമാണ്. ഇതിന്റെ പൂര്‍ണരൂപം ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.
യുവതീ പ്രവേശന വിധിയേ തുടര്‍ന്ന് പന്തളത്തു നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരകണക്കിന് ഭക്തര്‍ക്കെതിരെ ക്രിമിനില്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
വിശ്വാസികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുന്നതുവരെ അവര്‍ക്കൊപ്പം നിലകൊള്ളണമെന്നതാണ് കൊട്ടാരത്തിന്റെ നിലപാടെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്തത് 205 ക്രിമിനല്‍ കേസുകള്‍
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 205 ക്രിമിനില്‍ കേസുകള്‍.
ഇവയില്‍ പിന്‍വലിക്കാനാകുന്ന കേസുകളെ സംബന്ധിച്ചു പോലീസ് പരിശോധന തുടങ്ങി. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടു ഏറ്റവുമധികം കേസുകള്‍ പത്തനംതിട്ടയിലും കണ്ണൂരിലുമാണ്.
2018ല്‍ ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി ഉണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളുടെ പേരിലാണ ്കേസുകള്‍.
2018 ഒക്ടോബറിലെ തുലാംമാസ പൂജയിലും തുടര്‍ന്നു നവംബറില്‍ ആരംഭിച്ച മണ്ഡല, മകരവിളക്കു കാലത്തുമാണ് സംഘര്ഷങ്ങളേറെയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള അനുമതിയാണ് ഇന്നലെ മന്ത്രിസഭായോഗം നല്‍കിയത്.
എന്നാല്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയും സ്ത്രീകളെയും പോലീസിനെയും ആക്രമിച്ചതും അടക്കമുള്ള കേസുകള്‍ പിന്‍വലിക്കുന്നവയുടെ പട്ടികയില്‍ ഉണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാന, ജില്ലാ സ്പെഷല്‍ ബ്രാഞ്ചുകള്‍ ഇതു സംബന്ധിച്ചു പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്.
സമാധാനപരമായി നാമജപഘോഷയാത്ര നടത്തിയതും നിരോധനാജ്ഞ ലംഘിച്ചതും അടക്കമുള്ള കേസുകളാകും പ്രധാനമായും പിന്‍വലിക്കുക.
നിലയ്ക്കല്‍, പമ്പ, സന്നിധാനം, പന്തളം തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസുകളേറെയും. ജില്ലയിലെ 20 പോലീസ് സ്റ്റേഷനുകളില്‍ ശബരിമല പ്രക്ഷോഭത്തിന്റെ കേസുകളുണ്ട്. പമ്പ 38, അടൂര്‍ 32, പന്തളം 16, നിലയ്ക്കല്‍ 13, സന്നിധാനം 10, കൊടുമണ്‍ 10, കോന്നി 4, കൂടല്‍ 1, ചിറ്റാര്‍ 3, റാന്നി 8, പെരുനാട് 3, പത്തനംതിട്ട 14, മലയാലപ്പുഴ 2, ആറന്മുള 17, ഏനാത്ത് 4, പെരുമ്പെട്ടി 4, തിരുവല്ല 9, കീഴ്വൂര് 4, കോയിപ്രം 10, വടശേരിക്കര 3.
ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിലവിലുള്ള 10 ക്രിമിനല്‍ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായില്ല.
ഇതില്‍ 92 പ്രതികളുണ്ട്. ജാമ്യം ലഭിക്കാവുന്ന കേസുകളും ഇതിലുണ്ട്.ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, ഹിന്ദുഐക്യവേദി നേതാക്കളായ കെ.പി. ശശികല, ആര്.വി. ബാബു, ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി തുടങ്ങി സംഘപരിവാര്‍, ശബരിമല ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര സ്വഭാവമുള്ള ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വധശ്രമം, പോലീസുമായി ഏറ്റുമുട്ടല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ തടഞ്ഞ് കൈയേറ്റം ചെയ്യല്‍, അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍, അയ്യപ്പ ഭക്തരെ തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.കെ. മുനീര്‍, പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന് തുടങ്ങിയവര്‍ക്കെതിരെയും കേസുകളുണ്ടെങ്കിലും ഗുരുതര സ്വഭാവമുള്ളതല്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലും പമ്പയിലും പത്തനംതിട്ടയിലും ധര്‍ണ നടത്തി പിരിഞ്ഞു പോകുകയായിരുന്നു.