പത്തനംതിട്ട: എല്‍ഡിഎഫില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് – എമ്മിന് ജില്ലയില്‍ ഒരു സീറ്റ് വേണമെന്നാവശ്യത്തില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനം.
യുഡിഎഫിലായിരുന്നപ്പോള്‍ പാര്‍ട്ടി മത്സരിച്ചുവന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റാണ്.
ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പ്രതിനിധീകരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാന്‍ അവര്‍ തയാറാകില്ല.
ഇക്കാരണത്താല്‍ മറ്റൊരു സീറ്റ് എന്നാവശ്യം കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. അവശേഷിക്കുന്ന സീറ്റുകളില്‍ മൂന്നെണ്ണം സിപിഎം സിറ്റിംഗ് സീറ്റുകളാണ്.
അടൂര്‍ സംവണ മണ്ഡലം സിപിഐയുടെ സീറ്റുമാണ്. സിപിഎമ്മി ന്റെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്.
റാന്നി മണ്ഡലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് എം. എന്നാല്‍ റാന്നിയില്‍ ജയസാധ്യത ഘടകമാക്കി രാജു ഏബ്രഹാമിനെ ആറാം അങ്കത്തിന് ഇറക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം.
രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും രാജു ഏബ്രഹാമിന് ഇളവ് നല്‍കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. പകരം മറ്റൊരു പേര് സിപിഎം റാന്നിയില്‍ നിര്‍ദേശിച്ചിട്ടുമില്ല.
രാജു മത്സരിക്കുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റു പോകുമെന്നുറപ്പായിട്ടുണ്ട്. പക്ഷേ ഇതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് രാജുവിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടക്കുന്നത്.
റാന്നിയില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുകയാണെങ്കില്‍ ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവാകും സ്ഥാനാര്‍ഥിയാകുക.