മട്ടന്നൂര്‍: കശുമാവിൻ തോട്ടത്തിൽ വയോധികയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടാളി പഞ്ചായത്തിലെ വടുവന്കുളത്തിനു സമീപത്ത് നിന്നാണ് തലയോട്ടി, എല്ലിന് കഷണങ്ങള്‍, തലമുടി എന്നിവ കണ്ടെത്തിയത്.
കശുവണ്ടി തോട്ടത്തില്‍ ഇന്നലെ രാവിലെ കാടു വെട്ടിത്തെളിക്കാനെത്തിയ സ്ത്രീകളാണ് കാടിനുള്ളില്‍ തലയോട്ടി കണ്ടെത്തിയത്. തലയോട്ടി കണ്ട് ഭയന്ന തൊഴിലാളികള്‍ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു.
മട്ടന്നൂർ സിഐ എ.കെ.ബിജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് കശുമാവിന് ശിഖരത്തില്‍ കെട്ടിയ പ്ലാസ്റ്റിക് കയറും, കയറില്‍ തൂങ്ങിയ നിലയില്‍ ബ്ലൗസും, നിലത്ത് നരച്ച മുടിയും കണ്ടെത്തിയത്.
മറ്റൊരു ഭാഗത്തായി എല്ലിന് കഷണവും കണ്ടെത്തി. പയ്യന്നൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരെത്തി അവശിഷ്ഠങ്ങള്‍ പരിശോധിച്ചു. വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ശരീരഭാഗങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് 25 നു കാണാതായ വടുവൻ കുളത്തെ ദേവകിയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
ദേവകിയുടെ സ്വർണമാലയും നിലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ബ്ലൗസും മാലയും ബന്ധുക്കൾ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
ആറു മാസം മുമ്പ് വയോധികയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും അന്നു കണ്ടെത്താനായില്ല.
പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വയോധികയുടെ വീടിന് അര കിലോമീറ്റർ അകലെയുള്ള കാടിനുള്ളിൽ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശരീര അവശിഷ്ടങ്ങൾ ദേവകിയുടേതാണെന്ന് പറയാനാകും.