പത്തനംതിട്ട: അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് നേതൃത്വത്തില്‍ സ്വകാര്യ ബസ് കെട്ടിവലിച്ച് ഉടമകള്‍ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലാണ് ബസ് കെട്ടിവലിച്ചു പ്രതിഷേധം സംഘടിപ്പിച്ചത്.ഡീസല്‍ വില വര്‍ധിച്ചതോടെ തകര്‍ച്ചയിലായ സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ലോക്ഡൗണിനു മുമ്പ് ഒരു ലിറ്റര്‍ ഡീസലിന് 65 രൂപയായിരുന്നു.
ഇന്നിപ്പോള്‍ ഇത് 87 രൂപയായി. പ്രതിദിന വര്‍ധന തുടരുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ലെന്നും ഉടമകള്‍ പറഞ്ഞു. കോവിഡ് കാല പ്രതിസന്ധിക്കിടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ബസുകളില്‍ നല്ലൊരു പങ്കും നിരത്തുകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയും സംസ്ഥാന സര്‍ക്കാര്‍ വില്്പനനികുതിയും കുറയ്ക്കണമെന്നാണ് ഫെഡറേഷന് ആവശ്യം.ബസ് ഉടമകള്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍, നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, സിഐടിയു ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനന്, കേന്ദ്ര കമ്മിറ്റിയംഗം ലാലു മാത്യു, ലിജു മംഗലത്ത്്, തോമസ് മാത്യു പരുവാനിക്കല്‍, പി.ആര്. രാധാകൃഷ്ണന് നായര്‍, ഷിജു എസ്. വേണാട്, ജോണ്‍ ഡാനിയേല്‍, എബി കെ.ജേക്കബ്, സാബു ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.