കോട്ടയം: വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലേ ഭീഷണി ഉയർത്തി നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യാത്രയുടെ ഫ്ളക്സ് ബോർഡുകളാണ് യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ട്രിക്കുന്നത്.
നഗരത്തിലെ ഫുട്പാത്തുകളോടു ചേർന്നുള്ള പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളാണ് ഭീഷണിയാകുന്നത്. ബേക്കർ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, കഐസ്ആർടിസി, നാഗന്പടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇങ്ങനെ നിരവധി ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഫുട്പാത്തുകളിലൂടെ നടന്നു പോകുന്ന യാത്രക്കാരുടെ ദേഹത്തും തലയിലും തട്ടിയാണ് അപകടമുണ്ടാകുന്നത്. ഇന്നലെ ബേക്കർ ജംഗ്ഷനിൽ കുമരകം ഭാഗത്തേക്കുള്ള ബസ്റ്റോപ്പിനു സമീപമുള്ള ബോർഡിൽ തട്ടി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സാരിയും ചുരിദാറും ബോർഡിൽ ഉടക്കിയാണ് അപകടമുണ്ടായത്.
റോഡിലേക്ക് തള്ളി നിൽക്കുന്ന ഈ ബോർഡിൽ തട്ടി ഇന്നലെ വൈകുന്നേരം ബൈക്ക് യാത്രക്കാരനും അപകടമുണ്ടായി. ബോർഡിൽ തട്ടി ബൈക്ക് റോഡിലേക്കു മറിയുകയായിരുന്നു. ഫ്ളക്സ് ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തിയാണ് നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
തിരുക്കരയിൽ ഫുട്പാത്ത് മറച്ച് ബോർഡുകളാണ്. യാത്രക്കാർ റോഡു മുറിച്ചു കടക്കുന്ന സ്ഥലങ്ങളിലെ മീഡിയനുകളിൽ കൊടിതോരണങ്ങൾ കെട്ടുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സമ്മേളനങ്ങൾ കഴിഞ്ഞ് ഇവ അഴിച്ചു മാറ്റാൻ തയാറാകുന്നില്ല.
ആഴ്ചകൾ കഴിഞ്ഞ സമ്മേളനങ്ങളുടെ ബോർഡുകളും കൊടികളും ഇപ്പോഴും നഗരത്തിലുണ്ട്. അപകടകരമായ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ നഗരസഭയും പോലീസും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.