പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.ഇലന്തൂര്‍ ഈസ്റ്റ് കിഴക്കേഭാഗത്ത് ഏബ്രഹാം ഇട്ടി ( 52 )യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു.
വൈകുന്നേരങ്ങളില്‍ ഇയാളുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ഒന്നര വര്‍ഷമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഏബ്രഹാം ഇട്ടി. വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തൊട്ടടുത്ത് നിര്‍മാണം പുരോഗമിക്കുന്ന കിണറ്റിലേക്കുള്ള മോട്ടോര്‍ തിരികെ എടുക്കാനെത്തിയ തൊഴിലാളി ഏബ്രഹാമിനെ അന്വേഷിച്ചെങ്കിലും കാണാനായില്ല. നേരം പുലര്‍ന്ന് ഏറെക്കഴിഞ്ഞിട്ടും പുറത്തേയ്ക്കുളള ബള്‍ബുകള്‍ ഓഫ് ചെയ്യാത്ത സാഹചര്യം സംശയത്തിന് ഇടയാക്കി.
തുടര്‍ന്ന് സമീപ വാസികളില്‍ ചിലര്‍ വീട്ടിലെത്തി വിളിച്ചു. പ്രധാന വാതില്‍ ചാരിയ നിലയിലായിരുന്നു. ഉള്ളില്‍ കടന്നപ്പോള്‍ അടുക്കള ഭാഗത്ത് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്.
മുറിയില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി. ഇതുതന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. വൈകുന്നേരങ്ങളില്‍ ഏബ്രഹാം ഇട്ടിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ ഒത്തുചേരുന്നത് പതിവായിരുന്നുവെന്ന് പറയുന്നു.
അത്തരത്തില്‍ വന്നവരെക്കുറിച്ചുളള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.