ജിബിൻ കുര്യൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആദ്യ സ്ഥാനാർഥിയായി പി.സി. ജോർജ്. കേരള ജനപക്ഷം സെക്കുലറിന്റെ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പി.സി.ജോർജ് മത്സരിക്കും. ജനപക്ഷം ചെയർമാൻ ഇ.കെ.ഹസൻകുട്ടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ തവണ പൂഞ്ഞാറിൽ ഇടതു-വലതു-ബിജെപി മുന്നണി സ്ഥാനാർഥികളെ തോൽപ്പിച്ച് 27,821 വോട്ടുകൾക്കാണ് പി.സി. ജോർജ് വിജയിച്ചത്. യുഡിഎഫ് മുന്നണിയിൽ പ്രവേശിക്കാൻ ആഗ്രഹിച്ച തനിക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാരവച്ചെന്ന് പി.സി. ജോർജ് രാഷ്്ട്രദീപികയോടു പറഞ്ഞു.
പാരയുടെ രാജാവാണ് ഉമ്മൻചാണ്ടി. കെ.കരുണാകരനെയും എ.കെ.ആന്റണിയേയും പാരവച്ച് താഴെയിറക്കിയ ഉമ്മൻചാണ്ടിക്ക് ഇപ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും പി.സി.ജോർജ് പറഞ്ഞു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കുഞ്ഞാലിക്കുട്ടിയും മുന്നണി പ്രവേശത്തെ അനുകൂലിച്ചിരുന്നതായും പി.സി.ജോർജ് പറഞ്ഞു.
മതസമുദായ നേതാക്കളെല്ലാം തന്റെ യുഡിഎഫ് പ്രവേശനത്തെ അനുകൂലിച്ചെങ്കിലും ഉമ്മൻചാണ്ടി എതിർത്തു.പ്രാദേശിക കോണ്ഗ്രസ് നേതാക്കൾക്കൊന്നും എതിർവികാരമില്ല. അവരെ എനിക്കറിയാം. തനിക്കെതിരെ പാരവച്ച ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
യാക്കോബായ സമുദായത്തിനും ദളിത് ക്രൈസ്തവർക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും പി.സി. ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലത്തിൽ ജനപക്ഷം നിർണായക ശക്തിയാണ്. ഈ രണ്ടു മണ്ഡലങ്ങളിലും ആരു ജയിക്കണമെന്നും ആരു തോൽക്കണമെന്നും ജനപക്ഷം തീരുമാനിക്കും.
മൂന്നിന് കോട്ടയത്ത് ചേരുന്ന കേരള ജനപക്ഷം സെക്കുലർ സംസ്ഥാന നേതൃയോഗം പാർട്ടി മത്സരിക്കുന്ന ബാക്കി സീറ്റുകളും സ്ഥാനാർഥികളെയും തീരുമാനിക്കും. ആരുടെയും പിന്തുണ തെരഞ്ഞെടുപ്പിൽ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എൻഡിഎ മുന്നണിയുമായി ചർച്ച നടത്തും. ഇത്തവണയും പൂഞ്ഞാറിൽ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും പൂഞ്ഞാറിലെ ജനങ്ങൾ തന്നെ കൈവിടില്ലെന്നും പി.സി. ജോർജ് പറഞ്ഞു. പൂഞ്ഞാറിനു പിന്നാലെ പാലാ, കാഞ്ഞിരപ്പളളി സീറ്റുകളിൽ സ്ഥാനാർഥിയെ നിർത്താണ് ജനപക്ഷത്തിന്റെ ആലോചന.
പാലായിൽ ഷോണ് ജോർജിനെയാണ് പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ മൂന്നിനു ചേരുന്ന ജനപക്ഷം നേതൃയോഗത്തിലേ അന്തിമ തീരുമാനമുണ്ടാകൂ.