ന്യൂഡൽഹി: യാതൊരു നിയന്ത്രണവുമില്ലാതെ കൂണുകൾ പോലെ മുളച്ചുപൊന്തിയിരുന്ന ഓൺലൈൻ വാർത്താ വെബ്സൈറ്റുകൾക്കു മുട്ടൻ പണി വരുന്നു.ഒരു കംപ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ഒാൺലൈൻ പത്രം തുടങ്ങാമെന്നതായിരുന്നു സ്ഥിതി.
പലതിന്റെയും ഉടമസ്ഥർ ആരാണെന്നോ എഡിറ്റർ ആരാണെന്നോ ആർക്കും അറിയാൻ പാടില്ലാത്ത സ്ഥിതി. ആരെക്കുറിച്ചും എന്തും എഴുതി വിടാമെന്ന നിലയിലായിരുന്നു പലതിലെയും റിപ്പോർട്ടുകൾ. വാർത്താ റിപ്പോർട്ടുകളേക്കാൾ അപവാദ പ്രചരണമാണ് പലരും വാർത്തകൾ എന്ന പേരിൽ അവതരിപ്പിച്ചുകൊണ്ടിരുന്നത്.
നിയമപരമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പലതിന്റെ പ്രവർത്തനം.മറ്റുള്ളവരെ അധിക്ഷേപിക്കാനും താറടിക്കാനുമൊക്കെ പലപ്പോഴും ഇത്തരം സൈറ്റുകൾ മടിച്ചിരുന്നില്ല. സർക്കാരിന്റെ പുതിയ മാർഗനിർദേശം വന്നതോടെ ഇത്തരം തട്ടിക്കൂട്ട് സൈറ്റുകൾക്കു മൂക്കുകയർ വരികയാണ്.
വാർത്താ വെബ്സൈറ്റുകളുടെ ഉടമ, എഡിറ്റോറിയൽ തലവൻ, അവരുടെ വിശദാംശങ്ങൾ, ഒാഫീസ് വിലാസം എന്നിവ കേന്ദ്രസർക്കാരിനു രേഖാമൂലം സമർപ്പിക്കണമെന്ന നിബന്ധന നടപ്പാക്കാൻ തയാറെടുക്കുകയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം.
വാർത്താ വെബ്സൈറ്റുകൾക്കു ചട്ടവും അച്ചടക്ക മാനദണ്ഡങ്ങളും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. വാർത്താ സൈറ്റുകളെ സംബന്ധിച്ച വിവരങ്ങളൊന്നും നിലവിൽ കേന്ദ്രസർക്കാരിനു ലഭ്യമല്ല. വിവരങ്ങൾ ലഭ്യമാക്കാൻ മന്ത്രാലയം നിർദിഷ്ട രേഖ പുറത്തിറക്കും.
ഒരു മാസത്തിനകം ഇതിന്റെ വിശദാംശങ്ങൾ പൂരിപ്പിച്ചു വാർത്താ സൈറ്റുകൾ മന്ത്രാലയത്തിനു സമർപ്പിക്കണം. ഇതോടെ എന്തും ആകാമെന്ന നിലയിൽ ഗൂഢലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സൈറ്റുകൾക്കു മൂക്കുകയർ വീഴുമെന്നാണ് കരുതുന്നത്.
അനാവശ്യമായി ഇത്തരം സൈറ്റുകളുടെ അവഹേളനങ്ങൾക്ക് ഇരയാകുന്നവർക്കു കൃത്യമായ നിയമനടപടി സ്വീകരിക്കാനും ഇതു വഴിയൊരുക്കും.