കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും അന്തിമതീരുമാനമെടുക്കാന്‍ ഇന്ന് നേതൃയോഗം ചേരും.
തൃശൂരിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും വി.മുരളീധരനും പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് , സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.അതേസമയം ആര്‍എസ്എസ് നേതൃത്വവും ഇന്ന് യോഗം ചേരുന്നുണ്ട്.
എന്നാല്‍ കൊച്ചിയില്‍ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള യോഗമാണ് ചേരുന്നതെന്നും മുഖ്യചര്‍ച്ച തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും നേതാക്കള്‍ അറിയിച്ചു.സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി വോട്ടുതേടി ഇറങ്ങാനാണ് ബിജെപി തീരുമാനം.
എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി സജീവമാകുന്നതിന് മുമ്പേ തന്നെ ഒന്നാംഘട്ട പ്രചാരണത്തിലേക്ക് നീങ്ങാനാണ് ലക്ഷ്യമിടുന്നത്. വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളിലും ബെംഗളൂരുവിലുള്ള ഏജന്‍സി വഴി നേരത്തെ സര്‍വേ നടത്തിയിരുന്നു.
പ്രാദേശികാടിസ്ഥാനത്തില്‍ നേതാക്കള്‍ മത്സരിച്ചാല്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു സര്‍വേ വ്യക്തമാക്കിയത്. ഇക്കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ സംബന്ധിച്ചും തീരുമാനമെടുക്കും. പൊതുസമ്മതരായിട്ടുള്ള പ്രമുഖരെ കൂടുതലായും മത്സരിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്ര പാതിവഴി ആകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയത് ശുഭസൂചനയായാണ് ബിജെപി കാണുന്നത്. വിജയയാത്ര ഇനി കടന്നുപോവുന്നത് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുള്ള തെക്കന്‍ ജില്ലകളിലൂടെയാണ്.