എംജെ ശ്രീജിത്ത്
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. എത്രയും വേഗം സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണ് എല്ലാ മുന്നണികളുടെയും നീക്കം.
ഇടതിന് പിണറായിയെന്ന ഏകമുഖം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിച്ചത് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും കൂടി ആയിരുന്നെങ്കിൽ ഇത്തവണ അത് പിണറായി വിജയൻ മാത്രമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിനെ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് നേരിട്ടത് അത് വലിയ വിജയം നേടിയെങ്കിലും പിണറായി വിജയനെയാണ് സിപിഎം മുഖ്യമന്ത്രിയാക്കിയത്.
അതിനുശേഷമുള്ള അഞ്ചുവർഷം കൊണ്ട് സിപിഎമ്മിലും എൽഡിഎഫിലും ചോദ്യം ചെയ്യാൻ പറ്റാത്ത നേതാവായി പിണറായി മാറിയതാണ് പിന്നെ കേരളം കണ്ടത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് മുന്നിൽനിന്ന് നയിക്കാൻ പിണറായി വിജയൻ എന്ന ഏക മുഖമാണ് എൽ ഡി എഫിന് മുന്നിലുള്ളത്.
ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത വരവ്
യു ഡി എഫിനെ നയിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനേയും ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വരെ യുഡിഎഫിനെ രമേശ് ചെന്നിത്തല നയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാൽ അപ്രതീക്ഷിതമായി ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് പ്രചരണങ്ങളുടെ മുന്നിൽ കൊണ്ടു വന്നു.
വാശിയോടെ ബിജെപി
ബിജെപിയെ ഈ തെരഞ്ഞെടുപ്പിനെ നയിക്കുന്നത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് . ഇത്തവണ കേരളം പിടിക്കണമെന്ന നിർദ്ദേശം ബിജെപി കേന്ദ്ര നേതൃത്വം നൽകിയതോടെ വലിയ വാശിയിൽ തന്നെയാണ് ബിജെപിയും ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്നാൽ ബിജെപിയിലെ ഗ്രൂപ്പ് പോര് ഇപ്പോഴും എൻഡിഎയ്ക്ക് ഭീഷണിയായി നിലവിലുണ്ട്. ശോ ഭാ സുരേന്ദ്രൻ പാർട്ടി യോഗങ്ങളിൽ സജീവമായി വരുന്നതേയുള്ളു.
ജോസിനും ജോസഫിനും ശക്തി തെളിയിക്കണം
എൽഡിഎഫിനെ നയിക്കാൻ പിണറായിക്ക് പുറമേ കോടിയേരിയും വിജയരാഘവനും കാനം രാജേന്ദ്രൻ ജോസ് കെ മാണി എല്ലാം ഉള്ളപ്പോൾ യുഡിഎഫിന് നയിക്കാനും കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫു അടക്കമുള്ള നേതാക്കളുമുണ്ട് ഈ തിരഞ്ഞെടുപ്പ് ജോസഫിനും ജോസ് കെ മാണിക്കും അവരുടെ ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണ്.
പല മണ്ഡലങ്ങളിലും ജോസ് കെ മാണി ജോസഫ് പോരാട്ടങ്ങൾ ഇത്തവണ കാണാൻ കഴിയും.
വാദ പ്രതിവാദങ്ങൾക്ക് വിഷയങ്ങളേറെ
വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് ഇത്തവണ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ സർക്കാരിന്റെ അഴിമതിയും പിൻവാതിൽ നിയമനങ്ങളും ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വർണക്കടത്ത് ശബരിമല അടക്കമുള്ള വിഷയങ്ങളും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകും.
ബിജെപിയും യുഡിഎഫും ഇത് മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രളയത്തെയും കോ വിഡി നേയും നിപ്പയേയും അടക്കമുള്ള പ്രതിസന്ധികളെ മറികടന്നത് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം. സൗജന്യ ഭക്ഷ്യ കിറ്റ് പെൻഷൻ മുൻനിർത്തിയുള്ള പ്രചരണം തദ്ദേശ തെരഞ്ഞെടുപ്പ് പോലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിടുന്നത് ലൈഫ് മിഷൻ അടക്കമുള്ള ഉള്ള പദ്ധതികളും തെരഞ്ഞെടുപ്പിൽ വോട്ട് ആകുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് എൽഡിഎഫ്.
മുൻ തിരഞ്ഞെടുപ്പുകളിലെ ജനകീയ മുഖങ്ങൾ ആയിരുന്ന എ കെ ആന്റണി വി എസ് അച്യുതാനന്ദൻ ആർ ബാലകൃഷ്ണ പിള്ള കെ ആർ ഗൗരിയമ്മ തുടങ്ങിയ നേതാക്കൾ ഇത്തവണ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഉണ്ടാകാനിടയില്ല.
സോഷ്യൽ മീഡിയ തന്നെ താരം
ഇനി കേവലം 36 ദിവസം മാത്രമാണ് തെരഞ്ഞെടുപ്പ് തീയതിക്ക് ഉള്ളത്. കോവിഡ് നിയന്ത്രങ്ങളുള്ളതിനാൽ കൊട്ടിക്കലാശം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ആഘോഷങ്ങളും ഉണ്ടാകാനിടയില്ല. വീടുകയറിയുള്ള വോട്ട് തേടലിലും നിയന്ത്രണങ്ങളുണ്ട്.
അതിനാൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ പോലെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിൽ ആയിരിക്കും ഇത്തന ഈ നിയമസഭാ തെരഞ്ഞെടുപ്പിലും കാണാൻ കഴിയുക. കേരളം കാത്തിരിക്കുന്ന മുന്നണി മാറ്റങ്ങളുടെ ഫലവും പല കക്ഷികൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഏറെ നിർണായകമാണ്.