പയ്യന്നൂര്‍ : പയ്യന്നൂരിലെ പരിസരപ്രദേശത്തുനിന്നും കാണാതായ ജിമ്മിലെ പരിശീലകയെ തിരുവനന്തപുരത്ത് കാമുകന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്.
യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളും സൂഹൃത്തുക്കളുമായ പ്രശാന്ത്, വിപിന്‍, മറ്റു കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ 30ന് രാവിലെ ഒന്ന്പതോടെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയ ഇരുപത്തഞ്ചുകാരിയെ തിരുവനന്തപുരം കിളിമാനൂരുള്ള കാമുകന്റെ വാടകവീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പതിവുപോലെ ജോലിക്ക് പോയ ജിംനേഷ്യത്തിലെ പരിശീലകയായ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത്.
അന്വേഷണത്തിൽ കിളിമാനൂരില്‍ കണ്ടെത്തിയ യുവതിയെ പോലീസ് പയ്യന്നൂരിലെത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
അതേസമയം കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം താല്പര്യപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പം പോവുകയായിരുന്നു.