പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു.
ഇന്നു രാവിലെ പതിനൊന്നേകാലിന് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിനു സമീപത്തുള്ള സമരപ്പന്തലിലാണ് തല മുണ്ഡനം ചെയ്തുള്ള സമരം നടത്തിയത്.
സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സ്ത്രീസുരക്ഷയ്ക്കും ശിശു സുരക്ഷയ്ക്കും വേണ്ടി പ്രചാരണം നടത്തുമെന്ന് വാളയാർ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.
ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകരായ സെലീന പ്രാക്കാനം, ബിന്ദു എന്നിവരും തല മുണ്ഡനം ചെയ്തു.
കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജൻ, എസ്ഐ ചാക്കോ എന്നിവരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരു മാസമായി പാലക്കാട് നഗരത്തിൽ പന്തൽ കെട്ടി സമരം നടത്തുന്നത്.
അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്റെ പിറ്റേദിവസം തല മുണ്ഡനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രമ്യ ഹരിദാസ് എംപി, കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് എന്നിവരും ഇന്നു രാവിലെ സമരപ്പന്തലിലെത്തിയിരുന്നു.