പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സൂക്ഷ്മ നിരീക്ഷണങ്ങളുമായി അധികൃതർ രംഗത്തിറങ്ങി.
ആദ്യഘട്ടമായി നിലവിലുള്ള ചുമർ രചനകൾ, പോസ്റ്ററുകൾ, കൊടികൾ, സർക്കാർ ഫണ്ട് വിനിയോഗിച്ചു പൂർത്തീകരിച്ച പദ്ധതികളെ സംബന്ധിച്ച ഫ്ളക്സ് ബോർഡുകൾ എന്നിവ 24 മണിക്കൂറിനകം നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍, തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും നിർദേശമുണ്ട്. സ്വകാര്യ മതിലുകൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും മുന്നറിയിപ്പുണ്ട്.
സ്വകാര്യ വ്യക്തിയുടെ അനുവാദത്തോടെ മാത്രമേ മതിലുകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാകൂ.
അനുവാദമില്ലാതെ മതിലിൽ എഴുതുകയോ പോസ്റ്റർ ഒട്ടിക്കുകയോ ചെയ്താൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.
അനുവാദമില്ലാതെ സ്വകാര്യ മതിലുകൾ ഉപയോഗിച്ചതായ പരാതി ഉണ്ടായാൽ കെപിഎ 120 ഡി വകുപ്പു പ്രകാരം ഒരു വർഷം തടവും 5000 രൂപ പിഴയും അല്ലെങ്കിൽ രണ്ടുശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി, സ്ഥാനാർഥി അല്ലെങ്കില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തികള്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.