തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ യുഡിഎഫ് എതിർക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എൽഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ജനോപകാരപ്രദമായ പ്രവർത്തനങ്ങളെയും പദ്ധതികളെയും എതിർക്കുകയും തകർക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയിൽ മുങ്ങിയ ആഴക്കടൽ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിർത്തത്. അതു സിപിഎമ്മിനും സർക്കാരിനും അംഗീകരിക്കേണ്ടി വന്നു.
എൽഡിഎഫ് എതിർത്ത ചില പദ്ധതികൾ അദ്ദേഹം അക്കമിട്ടു ചൂണ്ടിക്കാട്ടി.
1. വിഴിഞ്ഞം പദ്ധതി- സംസ്ഥാന സർക്കാരിന് 3500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിൽ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ആരോപിച്ചത്. ഇതേക്കുറിച്ച് ഈ സർക്കാർ ജുഡീഷൽ കമ്മീഷനെ വച്ച് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല.
2. കണ്ണൂർ വിമാനത്താവളം- റണ്വേയുടെ നീളം കൂട്ടണം, കൂടുതൽ സ്ഥലം എടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കണ്ണൂർ വിമാനത്താവള പദ്ധതിയെ എതിർത്തത്.
എന്നാൽ അഞ്ചു വർഷം കിട്ടിയിട്ടും ചെറുവിരൽ അനക്കിയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ 5000 ഏക്കർ സ്ഥലം എടുക്കാൻ 12,000 കോടി മാറ്റിവയ്ക്കും എന്നൊരു പ്രഖ്യാപനം നടത്തി.
3. ലൈറ്റ് മെട്രോ- തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോപദ്ധതി ഇ ശ്രീധരനെയും ഡൽഹി മെട്രോയെയും ഒഴിവാക്കിയാണ് അട്ടിമറിച്ചത്.
4. ഗെയിൽ പദ്ധതി- സിപിഎം ചില സംഘടനകളുമായി ചേർന്ന് പദ്ധതി പ്രദേശത്ത് വൻ സമരം അഴിച്ചുവിട്ടു. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു വിശേഷണം.
5. ദേശീയപാത- ഇതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കലിനെതിരേയും സിപിഎം സമരം നടത്തി. സർവേക്കല്ലുപോലും ഇടാൻ സമ്മതിച്ചില്ല.
6. സ്മാർട്ട് സിറ്റി- കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്കെതിരേ കോടതിയിൽ കേസുവരെ ഫയൽ ചെയ്ത് പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചു.
7. സ്വാശ്രയ കോളജ്: സ്വാശ്രയ കോളജിനെതിരേ അഴിച്ചുവിട്ട വൻപ്രക്ഷോഭത്തിലാണ് കൂത്തുപറന്പ് വെടിവയ്പുണ്ടായത്. പിന്നീട് എം.വി രാഘവനെ സിപിഎം കൊണ്ടുനടക്കുന്നതും പാർട്ടി തന്നെ സ്വാശ്രയ കോളജ് തുടങ്ങുന്നതും നേതാക്കളുടെ മക്കൾ സ്വാശ്രയ കോളജുകളിൽ പഠിക്കുന്നതും കേരളം കണ്ടു.
8. ഓട്ടോണമസ് കോളജ്- 2011ൽ രാജ്യത്ത് 506 ഓട്ടോണമസ് കോളജ് ഉണ്ടായിരുന്നപ്പോഴാണ് കേരളത്തിൽ ഓട്ടോണമസ് കോളജ് നടപ്പാക്കാൻ തീരുമാനിച്ചത്.
ഇതിനെതിരേ ശക്തമായി രംഗത്തുവന്ന സിപിഎം ഗ്ലോബൽ വിദ്യാഭ്യാസ മീറ്റിൽ വച്ച് ഉന്നത വിദ്യാഭ്യാസ കൗണ്സിൽ ചെയർമാൻ ടി.പി. ശ്രീനിവാസനെ മർദിച്ചാണ് പക തീർത്തത്.
9. മെഡിക്കൽ കോളജുകൾ- യുഡിഎഫ് സർക്കാർ ലക്ഷ്യമിട്ട 16 മെഡിക്കൽ കോളജുകളിൽ ആറെണ്ണത്തെ ഇല്ലാതാക്കാൻ ഇടതുപക്ഷം ശ്രമിച്ചു. ഇതിന്റെ ഫലമായി 2500 സർക്കാർ എംബിബിഎസ് സീറ്റുകൾ നഷ്ടപ്പെട്ടു.
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജ്, ഇടുക്കി, കോന്നി, കാസർഗോഡ്, വയനാട്, ഹരിപ്പാട് എന്നിവയ്ക്കെതിരേയാണ് ഇടതുപക്ഷം നിഷേധാത്മക നിലപാട് സ്വീകരിച്ചത്.
10. കാരുണ്യ- ഗുരുതരമായ 11 ഇനം രോഗങ്ങൾ ബാധിച്ചവർക്ക് രണ്ടു ലക്ഷം രൂപവരെ അനായാസം ചികിത്സാ സഹായം കിട്ടുന്ന കാരുണ്യ പദ്ധതി ഇല്ലാതാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പിൽ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ പദ്ധതിയുടെ നടത്തിപ്പിന് ഫണ്ട് ഇല്ലാതായി.
11. പങ്കാളിത്ത പെൻഷൻ- സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിനെതിരേ ഇടതുപക്ഷം രംഗത്തുവന്നു.
അധികാരത്തിൽ വന്നാൽ ഈ പദ്ധതി റദ്ദാക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇടതുസർക്കാർ കമ്മിറ്റിയെവച്ച് ജീവനക്കാരുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് ചെയ്തത്.
12. ജനസന്പർക്ക പരിപാടി- ഇതിനെതിരേ എല്ലാ ജില്ലകളിലും വൻ പ്രക്ഷോഭം അഴിച്ചുവിടുകയും വില്ലേജ് ഓഫീസർ ചെയ്യേണ്ട ജോലിയാണെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മന്ത്രിമാരെ വച്ച് ഇതേ പരിപാടി നടത്തി.
13. നെടുന്പാശേരി വിമാനത്താവളം, കംപ്യൂട്ടർവത്കരണം, ട്രാക്ടർ, പ്ലസ് ടു തുടങ്ങിയവയ്ക്കെതിരേയും സിപിഎം രംഗത്തുവന്നിരുന്നുവെന്നും ഉമ്മൻ കൂട്ടിച്ചേർത്തു.