റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ജയ്ഷ് അല്‍ ഹിന്ദ്.
സോഷ്യല്‍ മെസേജിംഗ് ആപ്പായ ടെലഗ്രാം വഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം എത്തിയത്.
‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന് സുരക്ഷിതമായി വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് വരാനിരിക്കുന്നു’ എന്ന സന്ദേശമാണ് പുറത്തുവിട്ടത്.
വ്യാഴാഴ്ചയാണ് അംബാനിയുടെ അഡംബര വസതിയായ അന്റിലയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്കോര്‍പിയോയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഒപ്പം ഭീഷണിക്കത്തും കണ്ടെടുത്തിരുന്നു.
ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ബിറ്റ്കോയിന് വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’ എന്ന് സന്ദേശത്തില്‍ പറയുന്നു.
മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്താണ് സന്ദേശം. ‘നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയുക’ എന്ന വെല്ലുവിളിയും അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്.
സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സ്കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. താനെ ടോള്‍ പ്ലാസ വഴി ഈ കാര്‍ കടന്നുപോകുന്നതായി കണ്ടെത്തി.
ന്യൂഡല്‍ഹി ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തവും ജയ്ഷ് അല്‍ ഹിന്ദ് ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ മൂക്കിനു താഴെ സ്ഫോടനം നടത്തിയിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും മൊസാദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും പരാജയപ്പെടുകയാണുണ്ടായതെന്നും ജയ്ഷ് അല്‍ ഹിന്ദ് പറഞ്ഞു.