ലണ്ടന്‍: ഏതുരാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി.
ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മലാല. ഇന്ത്യയും പാകിസ്ഥാനും സുഹൃദ് രാജ്യങ്ങളാകുന്നതാണ് തന്റെ സ്വപ്നമെന്നും മലാല പറഞ്ഞു.
ഇന്ത്യയായാലും പാകിസ്ഥാനായാലും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നു പറഞ്ഞ മലാല മതമല്ല, അധികാരചൂഷണമാണ് പ്രശ്നമെന്നും പറഞ്ഞു.
പാകിസ്ഥാനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇന്ത്യയിലെ മുസ്ലിംകളും ദലിതരും ഇതു കൂടാതെ ഫലസ്തീനികളും റോഹിങ്ക്യകളും തുടങ്ങി ഓരോ രാജ്യത്തേയും ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരാണ്.
അധികാര കേന്ദ്രങ്ങളുടെ ചൂഷണമാണ് ഇവരെ അരക്ഷിതരാക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മലാല ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്നതും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും തന്നെ അലോസരപ്പെടുത്തുന്നുവെന്നും മലാല കൂട്ടിച്ചേർത്തു.