സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് -ആര്‍എംപി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. വടകരയില്‍ ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കെ.കെ.രമയെ വടകരയില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം സിപിഎമ്മിന് നല്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് കരുതുന്നു.
ഈ സാഹചര്യത്തില്‍ ആര്‍എംപിയുമായുള്ള സഖ്യവും രമയുടെ സ്ഥാനാര്‍ഥിത്വവും യുഡിഎഫിന് ഗുണം ചെയ്യും. മുല്ലപ്പള്ളിയുടെ തീരുമാനത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. അതേസമയം വടകരയില്‍ ആര്‍എംപിയുമായുള്ള സഖ്യത്തിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
കോണ്‍ഗ്രസ് തന്നെ ഇവിടെ മത്സരിച്ചാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ സ്വന്തം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള പൂര്‍ണ അധികാരം ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ മുല്ലപ്പള്ളിയുടെ തീരുമാനം ഇവിടെ നിര്‍ണായകമാണ്.
നേരത്തെ കെ.മുരളീധരനുള്പ്പെടെയുള്ളവര്ക്ക് കെ.കെ.രമയെ മത്സരിപ്പിക്കണമെന്ന നിലപാടായിരുന്നുള്ളത്.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്നാണ് കെ.കെ.രമയുടെ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ വേണുവിനെ വടകരയില്‍ മത്സരിപ്പിക്കണമെന്ന് കെ.കെ.രമ ആവശ്യപ്പെട്ടു.
ഇന്നലെ കോഴിക്കോട് ചേര്‍ന്ന ജില്ലാകമ്മിറ്റിയും ഈ തീരുമാനത്തെ പിന്തുണച്ചു.എന്നാല്‍ വേണുവിനെ മത്സരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജെഡിഎസ് നേതാവ് സി.കെ. നാണുവാണ് വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
സി.കെ. നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും നേടിയപ്പോള്‍ ആര്‍എംപി സ്ഥാനാര്‍ഥിയായ രമയ്ക്ക് 20,504 വോട്ടാണ് ലഭിച്ചത്. യുഡിഎഫിന്റെ പിന്തുണയുണ്ടെങ്കില്‍ ഇത്തവണ വടകര സീറ്റ് പിടിച്ചെടുക്കാനാവുമെന്നാണ് ആര്‍എംപി കരുതുന്നത്.