കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഭൂരിപക്ഷം കൂട്ടാൻ ധർമടത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തതായി യുഡിഎഫ് ധർമടം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇരട്ട വോട്ടുകൾ തള്ളുന്നതിന് ഫോറം ഏഴിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ വോട്ട് തള്ളാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.
ആയിരക്കണക്കിന് കള്ളവോട്ടുകളാണ് ധർമടം നിയോജകമണ്ഡലത്തിലുള്ളത്. മരിച്ചവരുടെയും താമസം മാറിപ്പോയവരുടെയും വോട്ടുകൾ തള്ളാൻ രേഖാമൂലം തെളിവ് സഹിതം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും രാഷ്ട്രീയസമ്മർദംകൊണ്ട് വോട്ട് തള്ളുന്നില്ല.
മുഖ്യമന്ത്രിക്ക് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണിത്. നീക്കം ചെയ്യാൻ കൊടുത്ത അപേക്ഷയിൽ വോട്ടർമാരെ വിളിപ്പിക്കാതെ പരാതിക്കാരെ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിളിപ്പിക്കുകയാണ്.
ധർമടത്തെ ഭൂരിഭാഗം ബിഎൽഒമാരും സിപിഎമ്മിന് വോട്ട് വർധിപ്പിച്ചുകൊടുക്കാനുള്ള കള്ളക്കളിക്ക് കൂട്ടുനിൽക്കുകയാണ്. മാത്രമല്ല വ്യാപകമായ രീതിയിൽ ഇരട്ട വോട്ടും ചേർത്തിട്ടുണ്ട്.
വേങ്ങാട് പഞ്ചായത്തിലെ പറന്പായി 70-ാം നന്പർ ബൂത്തിൽ 120 വോട്ടുകൾ തള്ളാൻ നൽകിയിട്ടും ബിഎൽഒമാർ ഇതുരെ വോട്ടർമാർക്ക് നോട്ടീസ്പോലും നൽകിയിട്ടില്ല.
പിണറായി പഞ്ചായത്തിലെ 143 -ാം നന്പർ ബൂത്തിൽ നൂറിൽപ്പരം വോട്ടുകൾ തള്ളാൻ കൊടുത്തിട്ടും ഇതുവരെ ഇക്കാര്യം പരിശോധിക്കാൻപോലും ഇലക്ഷൻ തഹസിൽദാർമാർ തയാറായില്ല. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം 10,000 വോട്ടുകൾ ചേർക്കാൻ അപേക്ഷ വന്നിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും സിപിഎമ്മിന്റെ ഇരട്ടവോട്ടുകളാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീതിപൂർവമായി പെരുമാറാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
മരിച്ചയാളുടെ വോട്ടുപോലും തള്ളാൻ ബിഎൽഒമാർ തയാറാകുന്നില്ല. ഓപ്പൺ വോട്ടിന് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കോപ്പി ഹാജരാക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകണം.
ഇല്ലെങ്കിൽ ഓപ്പൺ വോട്ടിന്റെ പേരിലും നൂറുകണക്കിന് കള്ളവോട്ടുകൾ ചെയ്യാൻ സാധ്യതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ്, യുഡിഎഫ് ധർമടം നിയോജക മണ്ഡലം ചെയർമാൻ കെ.പി. ജയാന്ദൻ, കൺവീനർ എൻ.പി. താഹിർ, എൻ.രാമകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.