ജനീവ: കോവിഡ് മഹാമാരി ഈ വർഷാവസാനത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് യാഥാർഥ്യ ബോധമില്ലാത്തതും തെറ്റിദ്ധാരണയുമാണെന്ന് ലോകാരോഗ്യ സംഘടന.
അതേസമയം, കോവിഡിനെതിരെയുള്ള വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു.
നമ്മൾ മിടുക്കരാണെങ്കിൽ ഈ വർഷം അവസാനത്തോടെ പുതിയ കേസുകളും മരണസംഖ്യയും പിടിച്ചു നിർത്തി മഹാമാരിയെ നിയന്ത്രിക്കാൻ നമ്മൾക്ക് സാധിക്കും. മൈക്കൽ റയാൻ പറഞ്ഞു.
കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. നിലവിൽ വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ലഭിക്കുന്നതിന് മുമ്പ് ചില വികസിത രാജ്യങ്ങളിലെ ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് വാക്സിന് നല്‍കിയത് ഖേദകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല.
എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്നത്തില്‍ പങ്കാളികളാകാന്‍ എല്ലാരാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.