എടത്വ: പഠനാവശ്യത്തിന് വീട്ടുകാർ വാങ്ങി നൽകുന്ന മൊബൈൽഫോണ്‍ വിദ്യാർഥിനികൾക്ക് വില്ലനാകുന്നു. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയിൽ തലവടി പഞ്ചായത്തിൽ രണ്ടു പോക്സോ, ഐടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ കോൾ ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കൊല്ലം കുണ്ടറ സ്വദേശിയും മറ്റൊരു കേസിൽ പന്തളം സ്വദേശിയും തലവടി സ്വദേശികളായ രണ്ടുപേരും പോലീസ് പിടിയിലായി.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടുകാർ വാങ്ങി നൽകിയ ഫോണിലൂടെയാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും ഒടുവിൽ പെണ്‍കുട്ടികൾ പ്രതികളുടെ കൈകളിൽ എത്തുകയാണ്.
പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റിൽ അംഗമാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. പ്ലസ്ടുവിന് താഴെയുള്ള വിദ്യാർഥിനികളെയാണ് സെക്സ് റാക്കറ്റ് ചാക്കിടുന്നത്.
മിസ്ഡ് കോളിലൂടെയും ഫെയ്സ്ബുക്ക് വീഡിയോ കോളിലൂടെയുമാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. ഫോണ്‍കോൾ തിരസ്കരിക്കുന്നവർക്കെതിരേ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നത്.
മൊബൈൽ ഫോണിലൂടെ എത്തുന്ന പരിചയമില്ലാത്ത കോളുകൾ എടുക്കരുതെന്നും ഭീഷണിയോ, പ്രലോഭനമോ വന്നാൽ കുടുംബത്തിലുള്ള മുതിർന്നവരെ വിവരം ധരിപ്പിക്കണമെന്നും അതത് സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികൾക്കു നിർദേശം നൽകുന്നുണ്ട്.
കുട്ടികൾക്ക് വാങ്ങി നൽകുന്ന ഫോണിലൂടെ ദുരുപയോഗം നടക്കാറുണ്ടോയെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ അടച്ചിട്ടമുറിക്കുളിൽ ഫോണുമായി ഇരിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും പോലീസും നിർദേശിക്കുന്നു.