ചേർത്തല: എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ പിടിയിലായ എട്ട് എസ്ഡിപിഐ പ്രവർത്തകരെ ചേർത്തല കോടതി ഈ മാസം എട്ടുവരെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഇന്നലെ രാവിലെയാണ് പ്രതികളെ ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
പ്രതികളിൽ ചിലർക്ക് പരfക്കുള്ളതിനാൽ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി. ആർഎസ്എസ് മുഖ്യശിക്ഷക് വയലാർ പഞ്ചായത്ത് നാലാംവാർഡ് തട്ടാംപറന്പ് രാധാകൃഷ്ണന്റെയും രാജേശ്വരിയുടെയും ഏകമകൻ നന്ദുകൃഷ്ണ (22) ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 24ന് രാത്രി എട്ടോടെയായിരുന്നു സംഘർഷം.സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കുറ്റി ഏഴാം വാർഡ് ദാരുൽസിറ യാസർ (32), വയലാർ നാലാം വാർഡ് മുക്കാത്തു വീട്ടിൽ അബ്ദുൾ ഖാദർ (52), എഴുപുന്ന ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ അൻസിൽ (33), പാണാവള്ളി ആറാം വാർഡ് വെളിംപറന്പിൽ റിയാസ് (38), അരൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വരേകാട് നിഷാദ് (32), ചേർത്തല നഗരസഭ 30ാം വാർഡ് വെളിചിറ ഷാബുദ്ദീൻ (49) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും വടിവാളടക്കമുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈയിൽ വയ്ക്കൽ, സംഘം ചേരൽ, ഗൂഢാലോചന തുടങ്ങി പന്ത്രണ്ടോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 25 എസ് ഡി പി ഐ പ്രവർത്തകരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ എട്ടുപേരുൾപ്പെടെ സംഭവത്തിലുൾപ്പെട്ട 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കണ്ടാലറിയാവുന്ന ഒന്പതുപേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.