പാലക്കാട് : കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിലെ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
പുതിയ വോട്ടർമാർക്കുൾപ്പെടെ പേര് ചേർക്കാം
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയുടെ 10 ദിവസം മുന്പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് മാർച്ച് 10 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാവും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 19 ആണ്.
2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും പോർട്ടലിലൂടെ തന്നെയാണ് പേര് ചേർക്കേണ്ടത്. പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പുതിയ വോട്ടർമാർക്ക് പേര് ചേർക്കൽ തുടരാവുന്നതാണ്.
മാർച്ച് 10 ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയതി പിന്നീട് അറിയിക്കും.
ഹരിത പ്രോട്ടോകോൾ പാലനം: പരിശീലനം മൂന്നിന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോകോൾ കൃത്യമായി നിർവഹിക്കുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലയിലെ ആർ.ഒ. മാർ, എ.ആർ.ഓ. മാർ, ഇ.ആർ.ഒ മാർ എന്നിവർക്കുള്ള പരിശീലനം മാർച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിൾ മീറ്റ് മുഖേന നടത്തുമെന്ന് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ അറിയിച്ചു.
ഗ്രീൻ ഇലക്ഷൻ നോഡൽ ഓഫീസറായ ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്ററും, പൊലൂഷൻ കണ്ട്രോൾ ബോർഡ് ജില്ലാ എൻജിനീയറും ക്ലാസുകൾ എടുക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് വരണാധികാരികൾക്കും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും അവബോധം നൽകുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹരിതചട്ടം ഉറപ്പാക്കുന്നതിനും നിയമസഭാമണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചതായും ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
സംയുക്ത ബോർഡർ മീറ്റിംഗ് മൂന്നിന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, കോയന്പത്തൂർ, തൃശൂർ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സംയുക്ത ബോർഡർ മീറ്റിംഗ് മൂന്നിന് രാവിലെ 11ന് കോഴിപ്പാറ കിൻഫ്ര മെഗാ ഫുഡ് പാർക്ക് കോണ്ഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു.
ജില്ലാ പോലീസ് മേധാവികൾ, വനം വകുപ്പ്, എക്സൈസ്, ചരക്ക് സേവന നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ (പാലക്കാട് , കോയന്പത്തൂർ, തൃശൂർ ജില്ലകളിലുള്ളവർ) എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അതിർത്തി കടന്നുള്ള മദ്യം കടത്തൽ, ലഹരിപദാർത്ഥങ്ങൾ കടത്തൽ, അനധികൃത പണമിടപാടുകൾ എന്നിവ തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിൽ തയ്യാറാകുന്നത് 3425 ബൂത്തുകൾ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ തയ്യാറാവുന്നത് 3425 പോളിംഗ് ബൂത്തുകൾ. 2109 സാധാരണ ബൂത്തുകളും 1316 ഓക്സിലറി ബൂത്തുകളുമാണ് ജില്ലയിൽ സജ്ജമാവുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1000 ആയി തിരഞ്ഞെടുപ്പ് കമ്മീഷൻ നിജപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിയൊന്നോ അതിൽ കൂടുതലോ വോട്ടർമാരുള്ള ബൂത്തുകളോടനുബന്ധിച്ചാണ് ഓക്സിലറി ബൂത്തുകസ്ഥാപിക്കുന്നത്.
മുതിർന്ന പൗരന്മാർ, ഭിന്നശേഷി വോട്ടർമാർ, ട്രാൻസ്ജെൻഡർ വോട്ടർമാർ എന്നിവർക്കായി പ്രത്യേകം ബൂത്തുകൾ സജ്ജീകരിക്കില്ല.