മതിലകം: ഷെഡിലെ ദുരിത ജീവിതത്തിനു മോചനം; സുനന്ദയ്ക്കും വിദ്യാർഥികളായ മൂന്നു മക്കൾക്കും സുരക്ഷിതമായ വീടൊരുങ്ങി. ശ്രീനാരായണപുരം പനങ്ങാട് സ്കൂൾ എസ്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വീടു നിർമിക്കാൻ വാങ്ങി നൽകിയ മൂന്നു സെന്റ് സ്ഥലത്താണു നിർധന കുടുംബത്തിനു ഗൃഹമൊരുങ്ങിയത്.
കാൻസർ ബാധിച്ചു മരിച്ച പിതാവിന്റെ കയ്പമംഗലത്തുള്ള കൂട്ടുകുടുംബമായി താമസിക്കുന്ന ചെറിയ വീട്ടിലായിരുന്നു ഇവരുടെ താമസം.പിന്നീട് അമ്മയുടെ സഹോദരന്റെ ഇടിഞ്ഞു വീഴാറായ വീട്ടിലും തുടർന്ന് ഒരു ഷെഡിലുമാണ് ഈ കുടുംബം താമസിച്ചു വന്നിരുന്നത്.
സുനന്ദയുടെ പിതാവു മരിച്ചതറിഞ്ഞു സാന്പത്തിക സഹായം നല്കാൻ പോയ എൻഎസ്എസ് പ്രോഗ്രാം ഉദ്യോഗസ്ഥർ ഇവരുടെ ദുരിതാവസ്ഥ നേരിൽ കാണുകയായിരുന്നു. തുടർന്ന് കൂട്ടുകാരിക്ക് ഒരു വീട് എന്ന പേരിൽ കാന്പയിൻ സംഘടിപ്പിച്ച് പിടിഎയുടെ സഹകരണത്തോടെയും മറ്റും സ്ഥലം വാങ്ങാൻ ധനസമാഹരണം നടത്തി.
എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഇ.ആർ. രേഖ, ഹസീബ് മാസ്റ്റർ എന്നിവരുടെ നിരന്തരമായ പ്രവർത്തനങ്ങൾ കൊണ്ടു വീടിനായുള്ള സ്ഥലം വേഗം സജ്ജമാകുകയായിരുന്നു.സ്ഥലത്തിന്റെ ആധാര കൈമാറ്റച്ചടങ്ങിൽ വച്ചുതന്നെ സ്ഥലമുടമ വീടു നിർമ്മാണത്തിനായി 50,000 രൂപ കൈമാറുകയും ചെയ്തിരുന്നു.
ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എം.എസ്. മോഹനനെ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഉൾപ്പെടെയുള്ളവർ ഈ കുടുംബത്തിനു വീടു നിർമിച്ചു നൽകേണ്ടതിന്റെ ആവശ്യകത അറിയിക്കുകയായിരുന്നു. തുടർന്നു വീടു പണിതു കൊടുക്കാൻ സിപിഎം മതിലകം ലോക്കൽ കമ്മിറ്റി തയാറായി.
നിർമാണം പൂർത്തീകരിച്ച വീടു സുനന്ദയ്ക്കും മക്കൾക്കും കൈമാറി. നിയമസഭാ മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. സിപിഎം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.