കൊരട്ടി: ഗ്രീൻ കൊരട്ടി; കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്തിലെ പൊതു ഇടങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെ മരങ്ങൾക്കും ഇനി മുതൽ ജിയോ ടാഗ് ആധാർ കാർഡ് പദ്ധതി ഒരുങ്ങി.
ആദ്യഘട്ടത്തിൽ പഴയ എൻഎച്ച് റോഡ്, പഞ്ചായത്ത്, വില്ലേജ് ഓഫിസ്, മൃഗാശുപത്രി എന്നിവടങ്ങളിലെ മരങ്ങൾക്കാണു ജിയോ ടാഗ് ഒരുക്കുന്നത്. നാലുക്കെട്ട് എസിഎംഎസ് കോളജും ഉന്നത് ഭാരത് അഭിയാൻ എന്നിവയുമായി സഹകരിച്ചാണു പഞ്ചായത്ത് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
മരങ്ങളുടെ പേര്, ശാസ്ത്രീയ നാമം, ഉത്ഭവം, പഴക്കം, ആയുസ്, മരത്തിന്റെ ഗുണങ്ങൾ, ഉപയോഗങ്ങൾ എന്നിവയെല്ലാം ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ ലഭ്യമാവുന്ന വിധത്തിലാണു സൗകര്യം ഒരുക്കിയിട്ടുള്ളത്.
മരങ്ങളുടെയും അതുവഴി പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ തുടക്കമിടുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഒരു പഞ്ചായത്ത് ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. എസിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. പ്രവീണ് സാനി അധ്യക്ഷത വഹിച്ചു. എസിഎംഎസ് കോളജ് വാട്ടർ മാനേജ്മെന്റ് വകുപ്പ് തലവൻ ഡോ. സണ്ണി ജോർജ് പദ്ധതി വിശദികരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരംസമതി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, ഡോ. രാകേഷ് മെനോൻ, ഡോ. രാജേഷ്, ഡോ. ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, റെയ് മോൾ ജോസ്, പി.ജി. സത്യപാലൻ, വർഗീസ് പയ്യപിളി, ഷിമ സുധിൻ, പി.എസ്. സുമേഷ്, ബിജി സുരേഷ്, ഗ്രേസി സ്കറിയ എന്നിവർ പ്രസംഗിച്ചു.