തലശേരി: കണ്ണൂർ സ്പെഷൽ ബ്രാഞ്ച് എസിപിയായി ടി.കെ. രത്നകുമാറിനെ നിയമിച്ച സംഭവത്തിൽ വിവാദം. പാലത്തായി പീഡന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ രത്നകുമാറിനെ ഈ കേസിന്റെ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ജില്ലയിൽത്തന്നെ നിലനിർത്തിയിട്ടുള്ളതെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന സൂചന.
നിലവിൽ പാലത്തായി കേസ് അന്വഷിക്കുന്ന സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെല്ലാംതന്നെ സ്ഥലം മാറി പോയിക്കഴിഞ്ഞു. വിവാദമായ ഈ കേസിൽ അന്വേഷണം നിലയ്ക്കുന്നത് തെരഞ്ഞെടുപ്പിൽ തങ്ങളെ ബാധിക്കുമെന്ന നിഗമനത്തിലാണ് ഭരണപക്ഷം.
ഇതേത്തുടർന്നാണ് തളിപ്പറമ്പിൽനിന്നും നാദാപുരത്തേക്ക് സ്ഥലം മാറ്റിയ രത്നകുമാറിനെ തിരിച്ച് കണ്ണൂരിൽ തിരിച്ചെത്തിച്ചതെന്നറിയുന്നു.പാലത്തായി കേസിലെ ഫോറൻസിക് റിപ്പോർട്ട് ഈ ആഴ്ച ലഭിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന. അന്വേഷണസംഘത്തലവനായ എഡിജിപി ജയരാജൻ അടുത്തദിവസം കണ്ണൂരിലെത്തുന്നുണ്ട്.
എന്നാൽ രത്നകുമാറിന്റെ കണ്ണൂരിലേക്കുള്ള നിയമനം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമാണ് രത്നകുമാറിനെ മാതൃജില്ലയിലേക്ക് എസിപിയായി നിയമിച്ചതെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഇതുസംബന്ധിച്ച് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.എന്നാൽ ഫെബ്രുവരി 18 നാണ് രത്നകുമാറിനെ കണ്ണൂരിലേക്ക് നിയമിച്ചതെന്നും 20 ന് രത്നകുമാർ ചുമതലയേറ്റെന്നും ദിവസങ്ങൾ പിന്നിട്ട ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും നിലവിൽ വന്നതെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.