പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീലയെ തരൂരിൽ മത്സരിപ്പിക്കാൻ സാധ്യത. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റിന്റെ സാധ്യതാ പട്ടികയിലാണ് ജമീലയും ഉൾപ്പെട്ടത്.
അതേസമയം, ജമീലയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഒരു വിഭാഗം നേതാക്കളാണ് ജമീലയെ സ്ഥാനാർഥിയാക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
എന്നാൽ ഈ എതിർപ്പ് അവഗണിച്ച് ജമീലയുടെ പേര് സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ജമീലയെ പരിഗണിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നാണ് സൂചന. പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ.കെ. ബാലനാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.
അതേസമയം, തൃത്താലയിൽ എം.ബി. രാജേഷിന്റെ പേര് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മലമ്പുഴയിൽ എ. പ്രഭാകരൻ, സി.കെ. രാജേന്ദ്രൻ എന്നിവരുടെ പേരും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു.