പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ തയാറാണോ എന്ന ചോദിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം തപ്സി പന്നു.
‘ആരെങ്കിലും ഈ ചോദ്യം ആ പെണ്‍കുട്ടിയോട് ചോദിച്ചോ? അവളുടെ റേപ്പിസ്റ്റിനെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന്? അതൊരു ചോദ്യമാണോ? ഇത് ഒരു പരിഹാരമാണോ അതോ ശിക്ഷയോ? അരോചകം തന്നെ’.
തപ്സി ട്വീറ്റ് ചെയ്തു. ഭൂരിഭാഗം താരങ്ങളും വിധി അറിയാത്ത ഭാവം നടിക്കുന്പോഴാണ് തപ്സിയുടെ പ്രതികരണം.
കേസില്‍ പ്രതിയായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യഹർജി സുപ്രീംകോടതിയില്‍ പരിഗണിക്കവെയായിരുന്നു ചീഫാ ജസ്റ്റിസിന്റെ വിവാദ ചോദ്യം. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക്ക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനാണ് പ്രതിയായ മോഹിത് ചവാന്.
വിദ്യാര്‍ത്ഥിനിയും അകന്ന ബന്ധുവുമായ പതിനാറുകാരിയെ ബലാത്സംഗം ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
‘നിങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബോധരഹിതയാക്കി പീഡിപ്പിച്ചു. ആ കുട്ടിയെ വിവാഹം ചെയ്യുമെങ്കില്‍ നിങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കുവാന് ഞങ്ങള്‍ക്കാകും.
അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ജോലി നഷ്ടമാവുകയും ജയിലിലേക്ക് പോകേണ്ടതായും വരും’, സുപ്രീംകോടതി പറഞ്ഞു.
കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ തന്റെ കക്ഷിക്ക് ജോലി നഷ്ടമാകും എന്ന മോഹിത്തിന്റെ അഭിഭാഷകന്റെ വാദത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.