കൊച്ചി: എളംകുളം വളവില്‍ ഇന്നു രാവിലെയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ കരിങ്കുന്ന മോടയ്ക്കല് വീട്ടില്‍ സത്യന്റെ മകന് സനില്‍ (21) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.10 ഓടെ വൈറ്റിലയില്‍നിന്നും കടവന്ത്ര ഭാഗത്തേക്ക് വരുന്ന ട്രാക്കിലാണ് അപകടമുണ്ടായത്. വൈറ്റില ഭാഗത്തു നിന്നും വരികയായിരുന്ന യുവാക്കള്‍ എളംകുളം വളവില്‍ ബൈക്ക് വീശി വളക്കവെ തെന്നി മറിഞ്ഞ് റോഡരികിലെ ഓടയുടെ സ്ലാബില്‍ ചെന്നിടിക്കുകയായിരുന്നു.
സനില്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന തൊടുപുഴ സ്വദേശി തന്നെയായ സനല്‍ സജി (21) എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരോടൊപ്പം ബൈക്കില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. സനിലിന്റെ മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തൊടുപുഴ സ്വദേശികളായ യുവാക്കള്‍ കംപ്യൂട്ടര്‍ കോഴ്സ് പഠനത്തിനായാണ് കൊച്ചിയിലെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു.