രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ് ബാധ. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്.
കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് യുവാവിനെ സെവന് ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചശേഷവും പൂര്‍ണമായും പ്രതിരോധ ശേഷി കൈവരിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വാക്സിന് സ്വീകരിക്കുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കില്ലെന്ന് സെവന് ഹില്‍സ് ആശുപത്രിയിലെ ഡോ. ബാല്‍കൃഷ്ണ അദ്സുല്‍ പറഞ്ഞു.
വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും രോഗപ്രതിരോധ ശേഷം ലഭിക്കാന്‍ 45 ദിവസം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും, പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
വാക്സിനേഷനുശേഷം ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധശേഷി കൈവരിക്കുന്നതിന് മുമ്പുതന്നെ അവര്‍ രോഗബാധിതരായതിനാലാണിതെന്ന് സിയോണ്‍ ആശുപത്രിയിലെ ഡീന്‍ ഡോ. മോഹന്‍ ജോഷി പറഞ്ഞു.
കുത്തിവയ്പെടുത്തശേഷവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.