ആലപ്പുഴ: മൂത്ത സഹോദരനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ അനുജൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടുകൊണ്ട് വിധിച്ചു.
ചിങ്ങോലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെറുമത്ത് വീട്ടിൽ രാഘവൻപിള്ളയുടെ മകൻ ഹരികുമാറിനെ വെറുതെ വിട്ടുകൊണ്ട് അഡീഷണൽ സെഷൻസ് ജഡ്ജി എ. ഇജാസ് ഉത്തരവായത്. ഇയാളുടെ മൂത്ത സഹോദരൻ ശിവൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഹരികുമാർ.
ശിവൻപിള്ളയെ ചിങ്ങോലി പഞ്ചായത്ത് ഏഴാം വാർഡിൽ ചെറുമത്ത് വീടിന്റെ മുൻവശം കിണറിനു സമീപം അനുജൻ ഹരികുമാർ കൊലപ്പെടുത്തി വീടിന് വടക്കു പടിഞ്ഞാറു മാറിയുള്ള പുളിമരത്തിനു ചുവട്ടിൽ കുഴിവെട്ടി മറവു ചെയ്തു എന്നാരോപിച്ച് 2009 മാർച്ച് 26ന് കരീലകുളങ്ങര പോലീസ് രജിസ്റ്റർ ചെയ്തതായിരുന്നു കേസ്.
അവിവാഹിതനായ ശിവൻപിള്ള മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും സഹോദരിയെയും മർദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുക പതിവായിരുന്നു. കേസിനാസ്പദമായ ആരോപണങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല. പ്രതിക്കുവേണ്ടി അഡ്വ. ജി. പ്രിയദർശൻ തന്പി ഹാജരായി.