സ്വന്തം ലേഖകൻ
തൃശൂർ: നവീകരണത്തിന്റെ ഭാഗമായി കൊക്കാലെ സെന്ററിൽ മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ചു. രാവിലെ കടകൾ തുറന്നു കച്ചവടക്കാർ സജീവമാകുന്നതിനിടെയായിരുന്നു വെട്ടിപ്പൊളിക്കൽ.
വെളിയന്നൂരിൽ റോഡ് ബ്ലോക്ക് ചെയ്ത് വെട്ടിപ്പൊളിച്ചു. അതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മുന്നറിയിപ്പു നല്കാതെ റോഡ് വെട്ടിപ്പൊളിച്ചതിനെ കച്ചവടക്കാർ ചോദ്യം ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൗൺസിലർമാരും “പൊളിക്കൽ’ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
പണി നിർത്താൻ കൗൺസിലർമാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.കൊക്കാലെ ജംഗ്ഷൻ നവീകരിക്കുന്നതിന്റെ ഭാഗമായി ടൈൽ ഇടുന്നതിനാണ് റോഡ് പൊളിക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
സാധാരണ ഇത്തരം നിർമാണ പ്രവൃത്തികൾ നടക്കുന്പോൾ രണ്ടോ മൂന്നോ ദിവസം മുന്പ് അതതു പ്രദേശത്തെ കൗൺസിലർമാരെ അറിയിക്കുക പതിവുണ്ടായിരുന്നു. എന്നാൽ കൊക്കാലെയിലെ പ്രവൃത്തികൾ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നു കണ്ണംകുളങ്ങര ഡിവിഷൻ കൗൺസിലർ മുകേഷ് കുളപറന്പിൽ പറഞ്ഞു.
നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതിനു തൊട്ടുമുന്പാണ് തൃശൂർ സോണൽ എഇ തന്നെ വിളിച്ചു വിവരം പറഞ്ഞതെന്നു കൊക്കാലെ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു.പള്ളിക്കുളം ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോളയും സ്ഥലത്തെത്തിയിരുന്നു.
തുടർന്നു കൗൺസിലർമാരും വ്യാപാരികളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിർമാണ പ്രവൃത്തികൾ എത്രയും വേഗം തീർക്കണമെന്ന വ്യവസ്ഥയിലെത്തി. രാത്രി കൂടുതൽ വേഗത്തിൽ പണികൾ നടക്കുമെന്നും ഉറപ്പുണ്ടായി.
പത്തു ദിവസത്തിനകം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന ഉറപ്പിന്മേലാണ് വ്യാപാരികളും കൗൺസിലർമാരും പിരിഞ്ഞുപോയത്. ഇതോടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തെ കച്ചവടക്കാർ കടകളടച്ചു പോയി.
നവീകരണം ഇങ്ങനെ
നവീകരണത്തിന്റെ ഭാഗമായി കൊക്കാലെ ജംക്ഷനിൽ നാലു റോഡുകളിലേക്കും 15 മീറ്റർ തള്ളിയാണു ടൈൽ വിരിക്കുന്നത്. ഭാഗിക ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെതുടർന്ന് ഒരു റോഡിന്റെ പകുതിഭാഗം എന്ന രീതിയിലായിരിക്കും നിർമാണ പ്രവൃത്തികൾ.
പത്തുദിവസത്തിനുള്ളിൽ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നു കരാറുകാരൻ പറയുന്നു. ടൈൽ ഇട്ടു നവീകരിക്കുന്നതോടെ കൊക്കാലെ ജംക്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നു കൗൺസിലർമാർ പറയുന്നു.
പരിഹാരമായില്ല
മഴക്കാലത്തു കാനകളിൽനിന്നും മലിനജലം കടകളിലേക്ക് അടിച്ചു കയറുന്നതു തടയാൻ ഇതുവരെയും നടപടിയായില്ല. മലിനജലത്തിൽ നിന്നു കച്ചവടം നടത്തേണ്ട സ്ഥിതിയിലാണ് കുറച്ചുകാലങ്ങളായി കൊക്കാലെയിലെ വ്യാപാരികൾ.
കാനകൾ റോഡിനൊപ്പം ഉയർത്തി സ്ലാബിട്ടാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകുകയുള്ളൂവെന്ന് കൗൺസിലർ മുകേഷ് കുളപറന്പിൽ പറഞ്ഞു.