രാജീവ് ഡി.പരിമണം
കൊല്ലം: ജില്ലയിൽ സി പി ഐ ഒരു സീറ്റു കൂടി കൂടുതൽ ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ലെന്ന് മാത്രമല്ല അവരുടെ സ്ഥാനാർഥികളെയുംനിർണയിച്ചുകഴിഞ്ഞു.
കഴിഞ്ഞ തവണ നാലു സീറ്റാണ് ലഭിച്ചത്. സി പി എമ്മും സിപിഐയും നാലു സീറ്റുകളിൽ വീതമാണ് മത്സരിച്ചിരുന്നത്.
ചവറയിൽ എൻ.വിജയൻ പിള്ള സി പി എമ്മിൽ ചേർന്നതോടെയാണ് ചവറ സീറ്റും സി പി എമ്മിന് സ്വന്തമായത്.
ഇക്കുറിയും സി പി എം അഞ്ചു സീറ്റുകളിൽ മത്സരിക്കുന്നു. ചവറ മറ്റാർക്കും വിട്ടു കൊടുക്കാതെ വിജയൻ പിള്ളയുടെ മകൻ ഡോ.സുജിത്തിനെ മത്സരിപ്പിക്കാനാണ് സി പി എം തീരുമാനം.
ചവറ കൂടാതെ കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര, എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. കുന്നത്തൂർ സീറ്റ് കോവൂർ കുഞ്ഞുമോനും പത്തനാപുരം സീറ്റ് കെ.ബി.ഗണേഷ് കുമാറിനും നൽകിക്കഴിഞ്ഞു.
അവശേഷിക്കുന്ന നാലു സീറ്റുകളാണ് സി പി ഐക്ക് നൽകുന്നത്. ചാത്തന്നൂർ, കരുനാഗപ്പള്ളി, ചടയമംഗലം, പുനലൂർ സീറ്റുകളാണ് സി പി ഐക്ക് .
ജില്ലയിൽ ഒരു സീറ്റു കൂടി സി പി ഐക്ക് നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ജില്ലയിൽ ഒരു സീറ്റു കൂടി അധികം നൽകണമെന്ന ആവശ്യവും പാർട്ടി മുന്നോട്ട് വച്ചിട്ടുണ്ട്. നാളെ നടക്കുന്ന സിപിഐ എക്സിക്യൂട്ടീവിൽ ഈ വിഷയം മുഖ്യചർച്ചയാകും.
നിലവിലെ ചാത്തന്നൂരിലെ സ്ഥാനാർഥി പട്ടികയിൽ ജയലാലിന് പുറമെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.ലാലു, ചിഞ്ചുറാണി എന്നിവരുടെ പേരുകളുമുണ്ട്.
പുനലൂരിൽ മന്ത്രി കെ.രാജു മത്സരത്തിന് ഉണ്ടാകില്ലെന്നാണ് സൂചന. ഇവിടെ സുപാലിന്റെയും സജിലാലിന്റയും പേരുകളാണ് മുഖ്യപരിഗണനയിലുള്ളത്.
സംസ്ഥാന കമ്മിറ്റിയിലുള്ള പി.പ്രസാദിന്റെ പേരും പരിഗണനയിലുണ്ട്. ചടയമംഗലത്തും സുപാലിനും സജിലാലിനും കൂടാതെ മുസ്തഫയുടെ പേരും പരിഗണനയിലുണ്ട്.
മണ്ഡലം കമ്മിറ്റികൾ നൽകിയ സ്ഥാനാർഥികളുടെ പട്ടിക ജില്ലാ എക്സിക്യൂട്ടിവിന്റെ ശുപാർശസഹിതം നാളെ സംസ്ഥാനകമ്മിറ്റിക്ക് നൽകും.
അതേസമയം സിപിഎമ്മിനുള്ള അഞ്ച് സീറ്റുകളിൽ കൊല്ലത്ത് മുകേഷ് എംഎൽഎ, ഇരവിപുരത്ത് എം.നൗഷാദ്, കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ മത്സരിക്കും.
ഇവരെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാസെക്രട്ടറിയേറ്റ് യോഗം ശുപാർശചെയ്തിരിക്കുകയാണ്.