പത്തനംതിട്ട: സിപിഎമ്മിന്റെ ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്ന് സിപിഎം സെക്രട്ടേറിയറ്റ്. ആറാം ടേമിലേക്കാണെങ്കിലും വിജയസാധ്യത പരിഗണിച്ച് റാന്നിയില്‍ രാജു ഏബ്രഹാം തുടരട്ടേയെന്ന അഭിപ്രായമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനുള്ളത്.
ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് -എം റാന്നി സീറ്റ് ആവശ്യപ്പെട്ടത് അംഗീകരിക്കേണ്ടതില്ലെന്നും സിപിഎം തീരുമാനംവന്നു.പാര്‍ട്ടി ജില്ലഘടകത്തിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റിക്കു കൈമാറും.
രണ്ടാമൂഴം
വീണാ ജോര്‍ജ് ആറന്മുളയില് രണ്ടാം ഊഴമാണ്. 2016ല്‍ സിപിഎം ജില്ലാ ഘടകം ആറന്മുളയിലേക്ക് നല്കിയ പട്ടികയില്‍ വീണയുടെ പേര് ഉണ്ടായിരുന്നില്ല. സംസ്ഥാനഘടകം നേരിട്ട് ഇടപെട്ടാണ് ആറന്മുളയില് വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വീണാ ജോര്‍ജായിരുന്നു പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ഥി.കെ.യു. ജനീഷ് കുമാര്‍ 2019 ഒക്ടോബറിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കോന്നിയില്‍ വിജയിച്ചത്. 18 മാസങ്ങള്‍ മാത്രം എംഎല്‍എ ആയി തുടര്‍ന്ന ജനീഷ് കുമാറിന് ഒരു ഈഴം കൂടി നല്‍കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയിലുണ്ടായത്.
റാന്നിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം രാജു ഏബ്രഹാമിന് ഇളവു നല്‍കണമെന്ന നിര്‍ദേശമാണ് ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ആളുകളും പ്രകടിപ്പിച്ചത്. നിലവിലെ സാഹചര്യം കൂടി പരിഗണിച്ച് രാജു തന്നെ മത്സരിക്കണമെന്നാണാവശ്യം.
1996 മുതല്‍ റാന്നിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാജു തുടര്‍ച്ചയായി അഞ്ച് തെരഞ്ഞെടുപ്പുകള്‍ വിജയിച്ചിരുന്നു. എന്നാല്‍ റാന്നിയുടെ കാര്യത്തില്‍ തീരുമാനം സംസ്ഥാന സമിതിക്കു വിടണമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സമിതിയംഗങ്ങളായ തോമസ് ഐസക്കും കെ.ജെ. തോമസും ആവശ്യപ്പെട്ടു.
തുടര്‍ന്ന് രാജു ഏബ്രഹാമിന്റെയും പിഎസ്്സി അംഗം റോഷന് റോയി മാത്യുവിന്റെയും പേരുള്‍പ്പെടുത്തി റാന്നിയുടെ പട്ടിക നല്‍കുകയായിരുന്നു. ഇതിനിടെ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ചര്‍ച്ചയില്‍ സീറ്റ ്തികയ്ക്കാന് ആവശ്യമെങ്കില്‍ റാന്നി വിട്ടുകൂടെയെന്ന അഭിപ്രായം സിപിഎം സംസ്ഥാന സമിതിയില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
റാന്നിയോടു കേരള കോണ്‍ഗ്രസ് എം കടുംപിടിത്തം കാട്ടിയിട്ടുമില്ല. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവിന്റെ പേരാണ് റാന്നിയില്‍ പരിഗണിച്ചത്. സിപിഎം ജില്ലാ സമിതിയാകട്ടെ സീറ്റ് ഘടകകക്ഷിക്ക് നല്കുന്നതിനോടു ശക്തമായ എതിര്‍പ്പിലുമാണ്.