സ്വന്തം ലേഖകന്‍
കൊച്ചി: കേന്ദ്രാനുമതിയില്ലാതെ കിഫ്ബി(കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിൽ കിഫ്ബി തലവൻമാരെ അടുത്ത ആഴ്ച ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യും.
കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെയാണ് അടുത്തയാഴ്ച ചോദ്യംചെയ്യലിന്റെ ഭാഗമായി കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്തുനിന്നു നേരിട്ടു ധനസമാഹരണം നടത്താന്‍ പാടില്ലെന്ന ഭരണഘടന അനുച്ഛേദം കിബ്ഫി ലംഘിച്ചെന്ന സിഐജി റിപ്പോര്‍ട്ടാണ് കിഫ്ബിയിലേക്കു അന്വേഷണം നീളുന്നത്.
കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ച് ദിവസങ്ങള്‍ക്കകമാണ് ഇഡി കേസ് എടുത്തിരിക്കുന്നത്.
ഇത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
കിഫ്ബി മസാലബോണ്ടില്‍ ഇഡി കേസെടുത്തെങ്കിലും നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇഡി വ്യക്തമാക്കിയത്.
മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് എന്‍ഫോഴ്സ്മെന്റ് കിബ്ഫിയില് പ്രാഥമിക അന്വേഷണം നടത്തിയത്.
കേന്ദ്രസര്‍ക്കാർ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കിയതും 2150 കോടി സമാഹരിച്ചതും ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തൽ.
കിഫ്ബിയില്‍ നടന്ന എല്ലാ ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് കേന്ദ്രഏജന്‍സികളുടെ നീക്കം. കിഫ്ബി മസാലബോണ്ടിറക്കിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സംസ്ഥാന ധനവകുപ്പ് പറഞ്ഞിരുന്നത്.
എന്നാല്‍, കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നായിരുന്നു സിഎജി കണ്ടെത്തല്‍. ഇതു ശരിവയ്ക്കുന്നതാണ് ഇഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷകള്‍ അംഗീകൃത വിതരണക്കാരനായ ബാങ്ക് മുഖാന്തരം ആര്‍ബിഐ.ക്ക് അയയ്ക്കണം. ഇതിനായി കിഫ്ബി തെരഞ്ഞെടുത്തത് ആക്സിസ് ബാങ്കിനെയായിരുന്നു.
ഈ ബാങ്ക് മുഖാന്തരമാണ് മസാലബോണ്ടിറക്കാന്‍ അപേക്ഷ നല്‍കിയതെന്നാണ് ധനവകുപ്പിന്റെ വാദം.
എന്നാല്‍, ആക്സിസ് ബാങ്കിന്റെ ഇടപെടലുകളും സംശയാസ്പദമാണെന്നാണ് ഇഡി. കണ്ടെത്തിയത്. ഇതാണ് ബാങ്ക് അധികൃതരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന കിഫ്ബി വഴിയുള്ള പദ്ധതികള്‍ അന്വേഷണത്തിന്റെ നിഴലില്‍ വരുന്നതോടെ അന്വേഷണം തന്നെ പ്രചാരണ വിഷയമാകുമെന്നുറപ്പാണ്.