പത്തനംതിട്ട: സ്ഥാനാര്‍ഥി നിര്‍ണം വരുന്നതിനു മുമ്പേ ജില്ലയില്‍ യുഡിഎഫ് രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കില്‍. കോണ്‍ഗ്രസ് നാല് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒരു സീറ്റിലുമായി ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടതുണ്ട്.
എന്നാല്‍ പാര്‍ട്ടികളിലെ ഗ്രൂപ്പുകളും നേതാക്കളും സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനുള്ള പടയോട്ടത്തിനിടെ ചേരിതിരിഞ്ഞ് പോര് മുറുകി. ആരോപണങ്ങളും ചെളിവാരിയെറിയലും കത്തെഴുത്തുമായി അങ്കത്തട്ട് കലുഷിതമാകുകയാണ്.നിലവില്‍ ഒരു സിറ്റിംഗ് എംഎല്‍എ പോലും ഇല്ലാത്ത യുഡിഎഫിന് സ്ഥാനാര്‍ഥിത്വം തേടിയുള്ള നേതാക്കളുടെ പടയോട്ടത്തെ മെരുക്കിയശേഷമേ കളത്തിലിറങ്ങാനാകൂ.
സീനിയര്‍ നേതാക്കളടക്കം പോരിന് ഇറങ്ങുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്യുന്നത് തലവേദനയായി മാറി. ഓരോ മണ്ഡലത്തിലേക്കും ഒന്നിലധികം പേരുള്ള പട്ടികയാണ് ജില്ലയിലെ നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചര്ച്ചകളില്ലെങ്കിലും പലരുടെയും സ്ഥാനാര്‍ഥിത്വം തടയാനുള്ള ശ്രമങ്ങള്‍ തിരക്കുപിടിച്ച് നടക്കുന്നുമുണ്ട്.
പുതുമുഖങ്ങള്‍, യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പ്രാതിനിധ്യം എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് എഐസിസി വ്യക്തമാക്കിയ സാഹചര്യത്തില്‍ സീനിയര്‍ നേതാക്കള്‍ ആശങ്കയിലുമായി.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തിരുവല്ല സീറ്റ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
റാന്നി സീറ്റുമായി തിരുവല്ല വച്ചുമാറണമെന്നാവശ്യം പ്രാദേശിക തലത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും മുന്നണി ചര്‍ച്ചയിലോ രാഷ്ട്രീയകാര്യസമിതിയിലോ പ്രശ്നം ചര്‍ച്ച ചെയ്തിട്ടുമില്ല. ഇന്നലെ മാത്രമാണ് തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യം ചര്‍ച്ചയില്‍ വന്നത്.
കേരള കോണ്‍ഗ്രസിലും സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ തര്‍ക്കം ഉണ്ടാകുമെന്നതാണ് കോണ്‍ഗ്രസ് എടുത്തുകാട്ടുന്ന പ്രധാന പ്രശ്നം.
റോബിനെ തടയാന്‍ കച്ചമുറുക്കി എ ഗ്രൂപ്പ്
കോന്നി: കോന്നി നിയോജകമണ്ഡലത്തില്‍ റോബിന് പീറ്ററുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്. റോബിന് സ്ഥാനാര്‍ഥിയാകുന്നത് തടയുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസിലെ എ വിഭാഗമാണെന്ന് പറയുന്നു. അടൂര്‍ പ്രകാശിനും റോബിനുമെതിരെ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
കോന്നിയില്‍ ഈഴവ സമുദായത്തില്‍ നിന്നൊരാളെ സ്ഥാനാര്ഥിയാക്കണമെന്നാവശ്യവുമായി ഡിസിസി ഭാരവാഹികള്‍ അടക്കം എഐസിസിക്കും കെപിസിസിക്കും പരാതി നല്കി. റോബിന് പീറ്ററെ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍ പ്രകാശിന്റെ ശ്രമത്തെയും കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.
ഡിസിസി ഭാരവാഹികള്‍ അടക്കം 18 പേര് ഒപ്പുവച്ച കത്താണ് നേതൃത്വത്തിനു കൈമാറിയിട്ടുള്ളത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഇരുവരും ശ്രമിച്ചുവെന്നതാണ് എ ഗ്രൂപ്പിന്റെ മറ്റൊരു പരാതി.
കോണ്‍ഗ്രസ് സംരക്ഷണ സമിതി എന്ന പേരിലാണ് പോസ്റ്റര്‍ പ്രചാരണം. പ്രമാടം, പൂംങ്കാവ്, കോന്നി നാരായണപുരം ചന്ത, ആനക്കൂട് ഭാഗം, ചേരീമുക്ക്, ചൈനാ മുക്ക, വകയാര്‍ എട്ടാം കുറ്റി എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്.കോന്നിയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ബിനാമി റോബിന് വേണ്ടെന്ന പേരിലാണ് പോസ്റ്റര്‍.
കോന്നിയില്‍ റോബിന് പീറ്റര്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനാണെന്ന തരത്തില്‍ നേരത്തെ പരാമര്‍ശം നടത്തിയ അടൂര്‍ പ്രകാശിനെതിരെ ഡിസിസി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറവും എം.എസ്. പ്രകാശും പരസ്യ നിലപാടെടുത്തിരുന്നു.
പോസ്റ്ററിനു പിന്നില്‍ സിപിഎമ്മെന്ന്
കോന്നിയില്‍ പരാജയം മുന്‍കൂട്ടിക്കണ്ട് വിറളിപിടിച്ച സിപിഎം അടൂര്‍പ്രകാശിന് എതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബോധപൂര്‍വമായ പോസ്റ്റര്‍ പ്രചാരണം നടത്തുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ് ആരോപിച്ചു.
ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് പിന്നിലുണ്ടെന്നു തങ്ങളാരും വിശ്വസിക്കുന്നില്ലെന്നും അഥവാ സിപിഎമ്മില്‍ നിന്ന് അച്ചാരം വാങ്ങി ആരെങ്കിലും ഉണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസിനു തിരുവല്ല നല്‍കരുതെന്ന് കോണ്‍ഗ്രസ്
പത്തനംതിട്ട: തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് രാഷ്്്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യന് ഈ ആവശ്യം കെപിസിസിക്ക് എഴുതി നല്കി. താന്‍ മത്സരിക്കാനില്ലെന്നും കുര്യന് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണാവശ്യം.തിരുവല്ലയിലെ പ്രാദേശിക കോണ്‍ഗ്രസ്് നേതാക്കളും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു.
2016ലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇത് യുഡിഎഫ് പരാജയത്തിന് കാരണമായെന്ന അഭിപ്രായം പിന്നീട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിക്കുകയും ചെയ്തതാണ്.