കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ മഹാ ശിവക്ഷേത്രത്തിനു മുൻവശത്തെ വിഗ്രഹം പുറത്തെടുത്തു. ക്ഷേത്രക്കുളത്തിൽ നിന്നാണ് നാല് അടിയോളം ഉയരമുള്ള വിഗ്രഹം പുറത്തെടുത്തത്.
ഇന്നലെ പുരാവസ്തു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തി പുറത്തെടുത്തത്. വിഗ്രഹം തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണ്.
ഇത്തരത്തിലൊരു വിഗ്രഹം കുളത്തിൽ ഉണ്ട് എന്നത് കാലങ്ങളായി ഈ പ്രദേശത്തുകാർ പറഞ്ഞു വരുന്നതാണ്. വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇതിന്റെ പിറകിൽ പറയുന്നവരുമുണ്ട്.
മേലൂർ ക്ഷേത്രത്തിന് സമീപം പൊളിഞ്ഞു വീഴാറായ മറ്റൊരു ക്ഷേത്രമുണ്ട്. അവിടുത്തെ പാത്തിക്കലപ്പന്റെ വിഗ്രഹമാണ് ഇതെന്നാണ് ചിലർ പറയുന്നത്.
ഇത് ബുദ്ധന്റെയോ, ജൈനന്റെയോ ക്ഷേത്രമായിരുന്നു എന്ന് പറയുന്നവരുമുണ്ട്. ചരിത്ര പണ്ഡിതൻ എം.ആർ.രാഘവ വാര്യർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു.
ആരുടെ വിഗ്രഹമാണ് ഇതെന്നെ കൂടുതൽ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.
നന്തി ചെങ്ങോട്ട്കാവ് ബൈപാസ് റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്.
റോഡ് നിർമാണത്തിന് മുന്നോടിയായി നാട്ടുകാരുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് സ്ഥലം പരിശോധിച്ച് വിഗ്രഹം പുറത്തെടുത്തത്.