മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ നോക്കുകുത്തിയായി. അപകടങ്ങളും മോഷണങ്ങളും തടയുന്നതിന്റെ ഭാഗമായി മൂന്നു വർഷം മുമ്പ് നഗരസഭയും പോലീസും മുൻകൈയെടുത്ത് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മുഴുവൻ കാമറകളുമാണ് പ്രവർത്തനരഹിതമായത്.
മട്ടന്നൂർ നഗരത്തിലും വിമാനത്താവള റോഡിലുമായി 38 കാമറകളുമാണ് സ്ഥാപിച്ചിരുന്നത്. കളറോഡ് മുതൽ തലശേരി റോഡിലെ കനാൽ വരെയും വായാന്തോട് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡിലെ കാര-പേരാവൂർ വരെയുമാണ് കാമറകൾ സ്ഥാപിച്ചിരുന്നത്.
പോലീസ് സ്റ്റേഷനിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമിലാണ് കാമറകൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കിയിരുന്നത്.മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കാൽനട യാത്രക്കാരെ വാഹനമിടിച്ചു വീഴ്ത്തി നിർത്താതെ പോകുന്നത് പതിവായിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും കാമറകളെയാണ് പോലീസ് ആശ്രയിച്ചിരുന്നത്.
വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഉൾപ്പടെ വ്യക്തമാകുന്ന വിധമുള്ള ആധുനിക കാമറകളാണ് സ്ഥാപിച്ചിരുന്നത്. കൂടാതെ മോഷണക്കേസുകളിലും മറ്റും പോലീസിന്റെ അന്വേഷണത്തെയും ഇത് ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നിരുന്നു.
ഇരിട്ടി ജംഗ്ഷനിലുള്ള ബ്രദേഴ്സ് പ്രിന്റേഴ്സിലും ഒരു ഫ്രൂട്സ് സ്റ്റാളിലും പലചരക്ക് കടയിലുമാണ് മോഷണമുണ്ടായത്.