മുംബൈ/ന്യുഡൽഹി: ബോളിവുഡിൽ ആദായ നികുതി റെയ്ഡ് വ്യാപകമാക്കാൻ ആദായനികുതി വകുപ്പ്.
അടുത്തിടെ പിരിച്ചുവിടപ്പെട്ട ഫാന്റം ഫിലിംസ് എന്ന സിനിമാ നിർമാണക്കന്പനി ഉടമയും ബോളിവുഡ് താരവുമായ അനുരാഗ് കശ്യപിന്റെ ഓഫീസിലും റിലയൻസ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പ് സിഇഒ ശിബാഷിഷ് സർക്കാരിന്റെ ഓഫീസിലും നടി തപ്സി പന്നുവിന്റെ വസതിയിലും ഉൾപ്പെടെ മുംബൈയിലും പൂനയിലുമായി മുപ്പതിടങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ്.
കെഡബ്ല്യുഎഎൻ എന്ന ടാലന്റ് മാനേജ്മെന്റ് കന്പനിയുടെ എക്സിക്യൂട്ടീവുകളുടെ വസതികളിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്.
കശ്യപിനെക്കൂടാതെ സംവിധായകനും നിർമാതാവുമായ വിക്രമാദിത്യ മോട്വാനെ, നിർമാതാവ് വികാസ് ബഹൽ, നിർമാതാവും വിതരണക്കാരനുമായ മധു മന്ദേന എന്നിവരായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രമോട്ടർമാർ.
നിർമാണ കന്പനികൾ തമ്മിൽ നടന്ന പണമിടപാടുകളിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നും കൂടുതൽ റെയ്ഡുകൾ വരുംദിവസങ്ങളിൽ നടക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2011 ൽ സ്ഥാപിതമായ ഫാന്റം ഹൗസ് കന്പനി, ലൂട്ടേര, ക്യൂൻ, അഗ്ലി, എൻഎച്ച് 10, മസാൻ, ഉഡ്താ പഞ്ചാബ് തുടങ്ങി നിരവധി ജനപ്രിയ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.
2011ൽ ഫാന്റം ഫിലിംസ് പിരിച്ചുവിട്ടശേഷം അനുരാഗ് കശ്യപ് ഗുഡ് ബാഡ് ഫിലിംസ് എന്ന സിനിമാ നിർമാണ കന്പനിയും വിക്രമാദിത്യ മോട്വാനെ ആന്ദോളൻ ഫിലിംസും തുടങ്ങി. പിങ്ക് എന്ന സിനിമയിലൂടെ ബോളിവുഡ് ശ്രദ്ധേയയായ നടിയാണ് മുപ്പത്തിമൂന്നുകാരിയായ തപ്സി.
വിവാദ വിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്നവരാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ തപ്സി പിന്തുണച്ചിരുന്നു.