കരുനാഗപ്പള്ളി : കാട് പിടിച്ചു കിടന്ന പുരയിടം വൃത്തിയാക്കിയപ്പോൾ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥി കൂടം. ക്ലാപ്പന കുന്നിമണ്ണേൽകടവിന് വടക്ക് വശം കാട് കയറികിടന്ന പുരയിടം വൃത്തിയാക്കുന്നതിനിടയിലാണ് അജ്ഞാത മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓച്ചിറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിഐ എസ് പ്രകാശ്, ഫോറൻസിക് വിദഗ്ധ ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം പുരുഷന്റേതാകുമെന്ന് പോലീസ് പറഞ്ഞു.
ഇതിന് സമീപത്തായി ചുവന്ന ഷർട്ടും കാവി നിറത്തിലുള്ള കൈലിയും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി കാടുപിടിച്ചു കിടന്ന സ്ഥലം കഴിഞ്ഞ ദിവസം വസ്തു ഉടമകൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടം കണ്ടെത്തിയതിനു സമീപത്തെ മരത്തിൽ കെട്ടിയിട്ട നിലയിൽ കയറും കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി പ്രദേശത്തു നിന്നും കാണാതായവരെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
കണ്ടെടുത്ത അവശിഷ്ടങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ എന്നിവരും സ്ഥലത്തെത്തി.