വടക്കഞ്ചേരി: മഴയെ മാത്രം ആശ്രയിച്ച് ഇരുപൂ നെൽകൃഷി നടത്തി വരുന്ന പരുവാശ്ശേരി പാടശേഖരത്തിലേക്ക് കനാൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നെൽ കർഷകർ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ,സ്ഥലം എംഎൽഎയും മന്ത്രിയുമായ എ.കെ.ബാലൻ എന്നിവർക്ക് നിവേദനം നൽകി.
കനാൽ വെള്ളം എത്താത്ത പാടശേഖരമായതിനാൽ യഥാസമയം മഴ കിട്ടാതെ രണ്ടാം വിള നെൽകൃഷി മിക്കവാറും വർഷങ്ങളിലും ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ്. 160 ൽ പരം കർഷകരുടെതായി നൂറ്റി അന്പതോളം ഏക്കർ സ്ഥലത്താണ് കൃഷിയുള്ളത്. എല്ലാവരും തന്നെ ചെറുകിട നാമമാത്ര കർഷകർ.ഇത്രയും സ്ഥലത്ത് 15 ഏക്കറിൽ മാത്രമാണ് കനാൽവെള്ളം എത്തുന്നത്.
മറ്റിടങ്ങളിലെല്ലാം മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്തുവരുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ആർ.കൃഷ്ണൻ പറഞ്ഞു. ഇതിനാൽ രണ്ട്കൃഷിയും നേരത്തെ ചെയ്യും. കൊയ്ത്തും നേരത്തെയാകും.എന്നാൽ നെല്ല് സംഭരണം വൈകുന്നതിനാൽ പലപ്പോഴും സംഭരണത്തിന്റെ ആനുകൂല്യങ്ങളൊന്നും പാടശേഖരത്തിലെ കർഷകർക്ക് ലഭിക്കാറില്ല.
ഒന്നാംവിളയുടെയും രണ്ടാം വിളയുടെയും നെല്ല് കുറഞ്ഞ വിലക്ക് സ്വകാര്യ മില്ലുകാർക്കും ഏജന്റുമാർക്കും വിൽക്കേണ്ട ഗതികേടിലാണ് കർഷകർ.നിലവിലുള്ള കുളങ്ങളും കിണറുകളും ബോർവെല്ലുകളും ആഴം കൂട്ടിയും വൃത്തിയാക്കിയും സംരക്ഷിക്കുന്നതിനൊപ്പം മംഗലംഡാം കനാലിൽ നിന്നും ഒരു സബ് കനാൽ നിർമ്മിച്ച് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കണമെന്നാണ് ആവശ്യം.
മെയിൻ കനാലിന്റെ കണ്ണന്പ്ര ഭാഗത്തു നിന്നും സബ് കനാൽ നിർമ്മിച്ചിട്ടുണ്ടെങ്കിലും കാൽ നൂറ്റാണ്ടിലേറെയായിട്ടും ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നാല് കിലോമീറ്റർ വരുന്നതാണ് ഈ സബ് കനാൽ. എന്നാൽ ഇതിൽ ഒന്നര കിലോമീറ്റർ ദൂരം മാത്രമെ വെള്ളം ഒഴുകൂ.
പാടത്തിനേക്കാൾ താഴ്ന്ന ലെവലിലാണ് ഇവിടെ കനാലുള്ളത്. ഇതിനാൽ പാടത്തെ വെള്ളം കനാലിലേക്ക് ചോരുന്ന സ്ഥിതിയാണ്. ഈ സബ്ബ് കനാൽ രണ്ടടിയെങ്കിലും ഉയർത്തേണ്ടതുണ്ട്. കുറച്ച് വർഷങ്ങളായി മഴ ലഭിക്കുന്നതിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ നെൽ കൃഷിയിറക്കി ഉന്നക്കം കൂടാതെ കൊയ്തെടുക്കൽ പരീക്ഷണമായി മാറുന്ന സാഹചര്യത്തിലാണ് പാടശേഖരത്തിലും കനാൽ വെള്ളം എത്തിക്കുന്നതിന്നുള്ള നടപടികൾക്കായി കർഷകർ രംഗത്ത് വന്നിട്ടുള്ളത്.
കാലാവസ്ഥയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് കാലാവസ്ഥാധിഷ്ഠിത ഇൻഷൂറൻസ് പ്രയോജനം ലഭിക്കാൻ പ്രീമിയം സർക്കാർ നേരിട്ട് നൽകണമെന്നും കർഷകഗ്രാമസഭകൾ, എ ഡി സി തുടങ്ങിയ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിവേദനത്തിൽ പറയുന്നു.