കാടുകുറ്റി: കോടികൾ മുടക്കി ആധുനിക രീതിയിൽ നവീകരിക്കുന്ന മുരിങ്ങൂർ – കാടുകുറ്റി – പാളയംപറന്പ് റോഡിൽ തടസമായി നിൽക്കുന്ന ഡിവൈൻനഗർ മേല്പാലത്തിലെ ടോൾ ബൂത്ത് പൊളിച്ചുനീക്കണമെന്ന ദീപിക വാർത്ത ഫലം കണ്ടു.
ഡിസംബർ 30 നു നൽകിയ വാർത്തയെ തുടർന്ന് ബി.ഡി. ദേവസി എംഎൽഎ വിഷയത്തിൽ ഇടപെടുകയും ആർബിഡിസി അധികൃതരുമായി സംസാരിക്കുകയും നടപടിയെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 നായിരുന്നു ടോൾ ബൂത്ത് പൂർണമായും പൊളിച്ചുനീക്കിയത്.
നവീകരണം നടക്കുന്ന റോഡിന്റെ മധ്യേ ഉപയോഗശൂന്യമായി മാറിയ ബൂത്തു നീക്കണമെന്ന ആവശ്യവുമായി കാടുകുറ്റി മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും രംഗത്തു വന്നിരുന്നു. ഡിവൈൻനഗർ റെയിൽവേ മേല്പാലം ജനങ്ങൾക്കായി തുറന്നുകൊടുത്ത 2015 ൽ വാഹനയാത്രികരിൽ നിന്നും ചുങ്കം പിരിക്കാനായി പാലത്തിന്റെ കവാടത്തിലാണ് മാർഗതടസമായി ബൂത്തു നിർമിച്ചിരുന്നത്.
മേല്പാലം പോലുള്ള വികസനങ്ങളുടെ നിർമാണാവശ്യങ്ങൾക്കു പണം കണ്ടെത്തുക ലക്ഷ്യമിട്ടായിരുന്നു പ്രാരംഭ ഘട്ടത്തിൽ ടോൾ പിരിക്കാൻ അധികൃതർ തീരുമാനമെടുത്തത്. എന്നാൽ, പ്രതിഷേധമേറിയതോടെ പിന്നീടു നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കാടുപിടിച്ച്, ചുമരുകളിൽ പോസ്റ്ററുകളും പതിച്ച് ഗതാഗതത്തിനു തടസം സൃഷ്ടിച്ചു നിൽക്കുന്ന ടോൾബൂത്ത് രാത്രികാല വാഹനാപകടങ്ങൾക്കു കാരണമായതോടെയാണ് വിവിധ കോണുകളിൽ നിന്നും പ്രതിഷേധ സ്വരമുയർന്നത്. ടോൾബൂത്ത് പൊളിച്ചുനീക്കിയതോടെ ദേശീയ പാതയിൽ നിന്നും അന്നനാട്, കാടുകുറ്റി, സന്പാളൂർ, അഷ്ടമിച്ചിറ, മാള തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഗമമായി.